ഗർഭിണികൾ സൂക്ഷിക്കുക; കോവിഡ് രണ്ടാം തരംഗത്തിൽ മാതൃമരണവും സിസേറിയനും വർധിച്ചതായി ആരോഗ്യ വിദഗ്ധർ
text_fieldsകോഴിക്കോട്: രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച സ്ത്രീകൾക്കിടയിൽ മാതൃമരണവും സിസേറിയനും വർധിച്ചതായി ആരോഗ്യരംഗത്തെ വിദഗ്ധർ. കോവിഡ് ആദ്യ തരംഗത്തിൽ സംസ്ഥാനത്താകെ ഏഴു മാതൃമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, രണ്ടാം തരംഗത്തിൽ അഞ്ച് മാസത്തിനിടെ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോ. എസ്. അജിത് പറഞ്ഞു.
കോവിഡ് ബാധിച്ച ഗർഭിണികളിൽ മൂന്ന് ഗ്രൂപ്പുകൾ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ്. പ്രമേഹം / രക്താതിമർദ്ദം ഉള്ളവർ, 35 വയസിന് മുകളിലുള്ളവർ, അമിതവണ്ണം ഉള്ളവർ എന്നിവർ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നതായി കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി പ്രസിഡന്‍റ് കൂടിയായ ഡോ. അജിത്ത് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗത്തിൽ സീസേറിയൻ പ്രസവങ്ങളും ഗർഭപാത്രത്തിലുള്ള മരണങ്ങളും നടക്കുന്നതായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് (ഐ.എം.സി.എച്ച്) സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പറയുന്നു. ജനുവരി മുതൽ മേയ് 12 വരെ കാലയളവിൽ കോവിഡ് ഐസ്വലേഷൻ വാർഡിൽ 231 പ്രസവങ്ങളാണ് നടന്നത്. ഇതിൽ 94 എണ്ണം സാധാരണ പ്രസവമായിരുന്നു. കോവിഡ് ആദ്യ തരംഗത്തിലെ അവസ്ഥ ഇതായിരുന്നില്ലെന്നും ഡോ. ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.
ഈ കാലയളവിൽ ഏഴ് ഗർഭപാത്രത്തിലുള്ള മരണങ്ങളും കോവിഡ് പോസിറ്റീവായ ഗർഭിണിയുടെ അലസിപ്പിക്കലും നടന്നു. കോവിഡ് പോസിറ്റീവായ ഗർഭിണികളിൽ കൂടുതൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഡോ. ശ്രീകുമാർ പറയുന്നു.
കോവിഡ് ബാധിച്ചവരിൽ സിസേറിയൻ പ്രസവം വർധിക്കുന്നത് ആഗോള പ്രവണതയാണെന്ന് ഡോ. അജിത്ത് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ സാധാരണയായി സിസേറിയൻ പ്രസവം തെരഞ്ഞെടുക്കുന്നത് അവസാന നിമിഷം മാത്രമാണ്. കോവിഡ് പോസിറ്റീവായ രോഗികളുടെ കാര്യത്തിൽ അത്രത്തോളം കാത്തിരിക്കാനാവില്ലെന്നും ഡോ. അജിത്ത് വ്യക്തമാക്കി.
രണ്ടാംതരംഗ കാലത്ത് ഗർഭിണികൾക്ക് കൂടുതൽ പരിചരണവും ശ്രദ്ധയും നൽകണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.