മീഡിയവൺ വിലക്ക്: ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി
text_fieldsമീഡിയവൺ സംപ്രേഷണ വിലക്കിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി. 'മീഡിയവൺ' ചാനലിന്റെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ച്. അപ്പീൽ ഹരജികളിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി.
മീഡിയവൺ ചാനലും ജീവനക്കാരും കേരള പത്രപ്രവർത്തക യൂനിയനുമാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഭരണഘടനാ പരമായ പ്രശ്നമാണ് മീഡിയവൺ ഉന്നയിച്ചതെന്ന് ചാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. മൗലികാവകാശ ലംഘനമാണ് കേന്ദ്രം നടത്തിയതെന്നും ദവെ പറഞ്ഞു. കേന്ദ്ര നടപടികൾ ജുഡീഷ്യൽ പരിശോധനകൾക്ക് വിധേയമാണ്. ദേശസുരക്ഷയുടെ പേരിൽ ജുഡീഷ്യൽ പരിശോധന ഇല്ലാതാക്കരുത്. അഞ്ച് തവണ മുന്നറിയിപ്പ് നോട്ടീസ് നൽകിയതിന് ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ്. ദവെ കോടതിയിൽ പറഞ്ഞു. അതേസമയം, 'മീഡിയവൺ' സംപ്രേഷണം വിലക്കിയ നടപടികളിൽ തെറ്റില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി ഹാജരായി.
ലൈസൻസിന് ആദ്യമായി അപേക്ഷിക്കുമ്പോഴാണ് സുരക്ഷ ക്ലിയറൻസ് നിയമപരമായി അനിവാര്യമായിട്ടുള്ളതെന്ന് ഹരജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതുക്കൽ അപേക്ഷ പരിഗണിക്കുമ്പോൾ ക്ലിയറൻസ് ആവശ്യമില്ല. അനുമതിയുമായി ബന്ധപ്പെട്ട ഉപാധികളിലും വ്യവസ്ഥകളിലും തുടർച്ചയായി അഞ്ചു തവണയെങ്കിലും ലംഘനമുണ്ടായാലാണ് അന്വതി പിൻവലിക്കാൻ കഴിയു. ലൈസൻസ് ലഭിച്ചപ്പോൾ സുരക്ഷാ ക്ലിയറൻസ് ലഭിച്ചതാണ്.
ചാനലിന്റെ ഏതെങ്കിലും പരിപാടിയിൽ രാജ്യസുരക്ഷ, പൊതുസമാധാനം, സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളുണ്ടായാൽ പരിപാടി നിർത്തിവെപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനുണ്ട്. ഇതിന് പകരം ചാനലിന്‍റെ തന്നെ അനുമതി റദ്ദാക്കുന്നത് നിയമപരമല്ല. 350ഓളം ജീവനക്കാരുടെ ജീവനമാർഗം ഇല്ലാതാക്കുന്ന ഉത്തരവിട്ടപ്പോൾ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.