ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലെ ബന്ധം പുറത്തുവിട്ട് മീഡിയവണ്‍
text_fieldsമലപ്പുറം: പൊലീസിലെ ഡാൻസാഫ് സംഘവും (ജില്ലാ ആൻ്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്‍റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് മീഡിയവൺ. മാരക മയക്കുമരുന്നുകൾ വാങ്ങാൻ മലപ്പുറത്തെ ഡാൻസാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് മീഡിയവൺ പുറത്തുവിട്ടത്. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോർഡ് നൽകിയെന്നും സംഭാഷണത്തിലുണ്ട്.
ബംഗളൂരുവിൽ പോയി വാങ്ങുമ്പോൾ നൂറു ഗ്രാമുമായി വരാനാണ് ഡാൻസാഫ് സംഘം ആവശ്യപ്പെടുന്നത്. 40-50 ഗ്രാം കിട്ടിയാൽ പോരേ എന്നു ചോദിക്കുമ്പോൾ നൂറു മയക്കുമരുന്ന് വയനാട്ട് എത്തിച്ചുതരാനും നിർദേശിക്കുന്നുണ്ട്.
മയക്കുമരുന്ന് വാങ്ങുന്നതിനായി ലഹരി സംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തിൽ വെക്കാൻ പൊലീസിന്റെ ഔദ്യോഗിക ബോർഡും നൽകി. ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥനെ ലഹരിക്കേസ് പ്രതി ഫോണിൽ വിളിക്കുന്ന സംഭാഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്.
പൊലീസിങ്ങിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ നിരവധി തെളിവുകൾ ശബ്ദരേഖയിലുണ്ട്. നിരപരാധികളെ ഡാൻസാഫ് മയക്കുമരുന്ന് കേസിൽ കുടുക്കുന്നതായ നിരവധി പരാതികളാണ് മലപ്പുറത്തുള്ളത്. മയക്കുമരുന്ന് വാങ്ങുന്നതുൾപ്പെടെ പുറത്തുവരുന്ന ഡാൻസാഫിന്‍റെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഈ ആരോപണം ശക്തിപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.