മീഡിയവൺ വിലക്ക്: കെ.യു.ഡബ്ല്യു.ജെ കക്ഷി ചേർന്നു
text_fieldsതിരുവനന്തപുരം: മീഡിയവൺ ചാനൽ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഹൈകോടതിയിൽ തുടരുന്ന കേസിൽ കേരള പത്രപ്രവർത്തക യൂനിയൻ കക്ഷിചേർന്നു.
മീഡിയവൺ തൊഴിലാളികൾക്കു വേണ്ടിയാണ് യൂനിയന്‍റെ ഇടപെടൽ. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് അഡ്വ. ജെയ്ജു ബാബു മുഖേന സമർപ്പിച്ച ഹരജിയിൽ യൂനിയൻ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്‍റെ അന്യായ നടപടി തൊഴിലാളികളുടെ ജീവിതത്തെയും അന്തസിനെയും ബാധിക്കുന്നതാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തി.
സമാന ആവശ്യവുമായി എഡിറ്റർ പ്രമോദ് രാമന്‍റെ നേതൃത്വത്തിൽ മീഡിയവൺ ജീവനക്കാർ പ്രത്യേകമായും ഹരജി ഫയൽ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്‍റെ ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയും ജനാധിപത്യം തന്നെ ഇല്ലാതാക്കുന്ന നടപടിയുമാണെന്നും വിലക്കിനെതിരെ ജനകീയ വികാരം ഉയർത്താൻ യൂനിയൻ ശ്രമങ്ങൾ തുടരുമെന്നും പ്രസിഡന്‍റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.