മീഡിയവൺ ലിറ്റിൽ സ്കോളർ: വിജയികളെ കാത്തിരിക്കുന്നത് 10 ലക്ഷം രൂപ സമ്മാനം, ലോഗോ പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: മീഡിയവൺ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ ലിറ്റിൽ സ്കോളറിന് പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമായി നടക്കുന്ന ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ചാണ് മീഡിയവൺ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
മൂന്ന് മുതൽ പ്ലസ്ടു വരെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും കൂടുതൽ മാർക്ക് നേടുന്ന 50 പേർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാം. സീനിയർ വിഭാഗത്തിലെ വിജയികൾക്കാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഗ്രാൻറ് ഫിനാലെ വിജയികൾക്ക് പത്ത് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം. ഗ്രാന്റ് ഫിനാലെ മീഡിയവൺ സംപ്രേഷണം ചെയ്യും.
മൂന്ന് റൗണ്ടുകളിലായി നടക്കുന്ന വിജ്ഞാനോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 20ന് ആരംഭിക്കും. ഡിസംബർ രണ്ടിനാണ് പ്രാഥമിക റൗണ്ട് മത്സരം. 300 കേന്ദ്രങ്ങളിൽ മത്സരം നടക്കും. ജനുവരി രണ്ടിനാണ് ജില്ലാതല മത്സരങ്ങൾ. സബ് ജില്ല, ജില്ലാ തല വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ലോഗോ പ്രകാശന ചടങ്ങിൽ മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ്, മലർവാടി ലിറ്റിൽ സ്കോളർ കൺവീനർ നുഅ്മാൻ വയനാട്, മീഡിയവൺ തിരുവനന്തപുരം റീജണൽ ബ്യൂറോ ചീഫ് കെ.ആർ. സാജു, സമീർ നീർക്കുന്നം, ഗോപാൽ സനൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.