മീഡിയ വൺ മഹാപഞ്ചായത്ത്: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികളില്‍നിന്ന് മികച്ച മാതൃകകളെ കണ്ടെത്താനുള്ള മീഡിയവണ്‍ മഹാപഞ്ചായത്ത് അവസാന റൗണ്ടിലേക്ക്. മികച്ച മാതൃകകളാകാന്‍ മത്സരിക്കുന്ന അമ്പത് പദ്ധതികളുടെ പട്ടിക പ്രഖ്യാപിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലുള്ള പദ്ധതികളാണ് മഹാപഞ്ചായത്തില്‍ പരിഗണിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിനില്‍ക്കുന്ന വേളയിലും മഹാപഞ്ചായത്തിനോട് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ അവസാന റൗണ്ടിലേക്കുള്ള അമ്പത് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് പ്രയാസമേറിയതായിരുന്നു.
നൂതനവും വേറിട്ടതുമായ നിരവധി പദ്ധതികള്‍ പരിഗണനക്കുവന്നു. ഇതില്‍നിന്ന് ജൂറി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച എന്‍ട്രികളില്‍നിന്നാണ് 50 ഗ്രാമപഞ്ചായത്തുകളെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനും പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗങ്ങളായ ജി. വിജയരാഘവന്‍, സി.പി. ജോണ്‍, സംസ്ഥാന ധനകമ്മീഷന്‍ ഉപദേശക മറിയാമ്മ സാനു ജോര്‍ജ്, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻറ് യു. കലാനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.
ഓരോ മേഖലയില്‍നിന്നും മികച്ച രണ്ട് മാതൃകകളെയാണ് മഹാ പഞ്ചായത്ത് തെരഞ്ഞെടുക്കുക. മികച്ച പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകും. ജനങ്ങളുടെ വോട്ടുകൂടി പരിഗണിച്ചാണ് ജൂറി പുരസ്കാര ജേതാക്കളെ നിര്‍ണയിക്കുക.
https://www.mahapanchayath.mediaonetv.in/ എന്ന വെബ്സൈറ്റിൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ എല്ലാവർക്കും വോട്ടിങ്ങിൽ പങ്കെടുക്കാം. ഒക്ടോബർ രണ്ടിന് വിജയികളെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.