'മീഡിയവൺ റിപ്പോർട്ടറെ മതത്തിന്റെ പേരിൽ അധിക്ഷേപിച്ചു'; യു. പ്രതിഭ എം.എൽ.എക്കെതിരെ പരാതി
text_fieldsആലപ്പുഴ: മീഡിയവൺ റിപ്പോർട്ടറെ മതത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് യു. പ്രതിഭ എം.എൽ.എക്ക് എതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപള്ളിയാണ് പരാതി നൽകിയത്. എം.എൽ.എയുടെ പരാമർശം സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു.
സമൂഹത്തിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന എം.എൽ.എ ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തുക വഴി സമൂഹത്തിൽ അത് സ്വാധീനം ഉണ്ടാക്കുകയും, ധ്രുവീകരണത്തിന് ഇടയാക്കിയിരിക്കുകയുമാണ്. പരാമർശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. തൽഫലമായി ബി.ജെ.പി സംസ്ഥാന ഭാരവാഹി അഡ്വ. ബി. ഗോപാലകൃഷ്ണൻ എം.എൽ.എക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഒരു വർഗീയ അജണ്ടകൂടി ഇത്തരത്തിലുള്ള പരാമർശങ്ങൾ ലക്ഷ്യം വെക്കുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 15ലെ വിവേചനത്തിൽ നിന്നുള്ള സംരക്ഷണത്തിന് എതിരായ പരാമർശം കൂടിയാണ് എം.എൽ.എ നടത്തിയിട്ടുള്ളത് എന്നും എം.എ.ൽ.എക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
പരാതിയുടെ പൂർണരൂപം
സർ ,
കഴിഞ്ഞദിവസം 29- 12- 2024 ഞായർ ഉച്ചക്ക് 2:1 മണിക്ക് 22 മിനിറ്റ് : 31 സെക്കൻഡ് ദൈർഘ്യമുള്ള "യു പ്രതിഭ ഹൃദയപക്ഷം" എന്ന ഫേസ്ബുക്ക് ചാനലിലൂടെ വീഡിയോ ലൈവിലൂടെ ബഹു. എംഎൽഎയും അഭിഭാഷകയും ആയിട്ടുള്ള അഡ്വ. യു പ്രതിഭ 8: മിനിറ്റ് 52: സെക്കൻഡ് സമയത്ത് മീഡിയവൺ ചാനലിലെ മാധ്യമപ്രവർത്തകനായ റിപ്പോർട്ടറെ ജാതിയുടെയും, മതത്തിന്റെയും പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഒരു പബ്ലിക് സർവെന്റിന്റെ വിഭാഗത്തിലുള്ള ബഹു. എംഎൽഎ അത്തരത്തിലുള്ള ഒരു പരാമർശം നടത്തുക വഴി സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യവും, വർഗീയ ലഹളയും കാരണമാകും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ബോധപൂർവ്വം ലക്ഷ്യം വെച്ചിട്ടാണ് ടി. പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ബഹു. എംഎൽഎ ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തുക വഴി സമൂഹത്തിൽ അത് സ്വാധീനം ഉണ്ടാക്കുകയും, ധ്രുവീകരണത്തിന് ഇടയാക്കിയിരിക്കുകയുമാണ്. ടി പരാമർശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. തൽഫലമായി ബിജെപി സംസ്ഥാന ഭാരവാഹി അഡ്വ. ബി ഗോപാലകൃഷ്ണൻ ബഹു എം എൽ എക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഒരു വർഗീയ അജണ്ടകൂടി ഇത്തരത്തിലുള്ള പരാമർശങ്ങൾ ലക്ഷ്യം വെക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.
ഭരണഘടനയുടെ ആർട്ടിക്കിൾ 15ലെ വിവേചനത്തിൽ നിന്നുള്ള സംരക്ഷണത്തിന് എതിരായ പരാമർശം കൂടിയാണ് ബഹു. എംഎൽഎ നടത്തിയിട്ടുള്ളത് എന്നും കാണുവാൻ കഴിയും. ആയതിനാൽ ബഹു. എസ് എച്ച് ഒ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 191 അനുസരിച്ച് പൊതുലക്ഷ്യം നേടുവാൻ വേണ്ടി പ്രവർത്തിക്കുന്നതിൽ ചെയ്യുന്ന കുറ്റത്തിനും, സെക്ഷൻ 196 അനുസരിച്ച് മതം കാരണമായി വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിൽ ശത്രുത്വം പുലർത്തുകയും, സൗഹാർദ്ദത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുന്ന കൃത്യങ്ങൾ ചെയ്യുകയും ചെയ്യുന്ന കുറ്റത്തിന് എതിരായി കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.