മീഡിയവൺ: സുരക്ഷ ക്ലിയറൻസ് നിഷേധിച്ചത് എന്തിന്?; കോടതിയുടെ ചോദ്യത്തിനുപോലും മറുപടിയില്ല
text_fields- ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സ്വാഭാവിക നീതിക്കോ ഭരണഘടന അവകാശങ്ങൾക്കോ സ്ഥാനമില്ലെന്ന് കേന്ദ്ര സർക്കാർ
- ദേശസുരക്ഷ മറയാക്കി അറിയാനുള്ള അവകാശം തടയാനാവില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് മീഡിയവൺ
കൊച്ചി: മീഡിയവൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിക്കാനിടയാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകളെക്കുറിച്ച് കോടതിയിലും ഒന്നും വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ. ചാനലിന് സുരക്ഷ ക്ലിയറൻസ് അനുവദിക്കാത്തതിന് കാരണമെന്തെന്ന കോടതിയുടെ ചോദ്യത്തിനുപോലും വ്യക്തമായ മറുപടിയുണ്ടായില്ല.
10 വർഷത്തെ അനുമതി കാലാവധി പൂർത്തിയാകുന്നതിനാൽ പുതുക്കാൻ ചാനലിൽനിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് അസി. സോളിസിറ്റർ ജനറൽ അറിയിച്ചപ്പോൾ അപേക്ഷ നിരസിക്കാനുള്ള കാരണം ഹരജിക്കാരെ അറിയിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്തെങ്കിലും ചട്ടങ്ങളോ സുരക്ഷ താൽപര്യങ്ങളോ ഹനിക്കപ്പെട്ടിട്ടുണ്ടോയെന്നും ചോദിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ളതിനാൽ വെളിപ്പെടുത്താനാവില്ലെന്നും ഹരജിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും മറുപടി കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു മറുപടി.
ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. എന്നാൽ, ആഭ്യന്തര മന്ത്രാലയം കൈമാറിയ ഒരു പേജിലെ സന്ദേശമല്ലാതെ മറ്റൊന്നും കോടതിയിൽ സമർപ്പിച്ചില്ല. രേഖകൾ കോടതിക്ക് കൈമാറിക്കൂടേയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയതോടെയാണ് അവ സമർപ്പിക്കാൻ കേന്ദ്രം സമയം തേടിയത്.
എ.എസ്.ജിയുടെ വാദം:
2010 മേയ് 19ന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷ ക്ലിയറൻസ് അടക്കം ലഭ്യമായതിനെ തുടർന്നാണ് ചാനലിന് 10 വർഷത്തേക്ക് അനുമതി നൽകിയതെന്ന് എ.എസ്.ജി സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. 2021 സെപ്റ്റംബർ 29ന് ഈ കാലാവധി അവസാനിച്ചു. പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും സുരക്ഷ കാരണങ്ങളാൽ ജനുവരി 31ന് അനുമതി നിഷേധിച്ച് ഉത്തരവിടുകയായിരുന്നു. അതിനാൽ നിലവിലെ അനുമതി റദ്ദാക്കുകയല്ല, പുതുക്കാനുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്ന് എ.എസ്.ജി വ്യക്തമാക്കി.
2012ൽ ഒരു വാർത്തചാനലിനും വാർത്ത ഇതര ചാനലിനും വേണ്ടി അനുമതി അപേക്ഷ നൽകിയെങ്കിലും മീഡിയവൺ ഗ്ലോബൽ എന്ന വാർത്ത ചാനലിനുള്ള അപേക്ഷ പിൻവലിച്ചു. രണ്ട് ഡയറക്ടർമാരെ നിയമിക്കാൻ 2015ലും അപേക്ഷ നൽകി. എന്നാൽ, 2016ൽ രണ്ട് ചാനലിനും സുരക്ഷ ക്ലിയറൻസ് നിഷേധിച്ചു. ഡയറക്ടർ നിയമന അപേക്ഷയും നിരസിച്ചു. 2016ൽതന്നെ കാരണം കാണിക്കൽ നോട്ടീസും നൽകി. സുരക്ഷ ക്ലിയറൻസ് നിഷേധിച്ചതിന്‍റെ കാരണം അറിയിക്കാതെ തന്നെയായിരുന്നു നോട്ടീസ്.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചെങ്കിലും മീഡിയ വൺ ലൈഫ് എന്ന ചാനലിന്‍റെ അനുമതി റദ്ദാക്കി. എന്നാൽ, ഈ നടപടി ഹരജിക്കാർ ഒരു തവണപോലും ചോദ്യം ചെയ്തിട്ടില്ല. അതിനാൽ, മുമ്പ് കമ്പനി നൽകിയ മറുപടി അംഗീകരിച്ചുവെന്ന കമ്പനിയുടെ വാദം തെറ്റാണ്.
ചാനലിന്‍റെ അനുമതി പുതുക്കാൻ 2021 മേയ് മൂന്നിന് നൽകിയ അപേക്ഷയിൽ ഡിസംബർ 20നാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷ ക്ലിയറൻസ് നിഷേധിച്ചത്. ജനുവരി അഞ്ചിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിക്കുന്ന നയപരമായ മാർഗരേഖകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് അനുമതി നൽകാനാവൂ. സുരക്ഷ ക്ലിയറൻസ് തള്ളിയതിന്‍റെ കാരണം തങ്ങളെ അറിയിച്ചില്ലെന്ന വാദത്തിൽ കഴമ്പില്ല. ആഭ്യന്തര മന്ത്രാലയത്തിന് കമ്പനികളുമായി നേരിട്ട് ആശയവിനിമയമില്ല. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സ്വാഭാവിക നീതിയോ ഭരണഘടന അവകാശങ്ങൾക്കോ സ്ഥാനമില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ആർമിമെൻസ് പ്രൊട്ടക്ഷൻ സർവിസസ് കേസും ഡിജി കേബിൾ നെറ്റ്വർക്ക് കേസും ഉദ്ധരിച്ച് വ്യക്തമാക്കി. രാജ്യസുരക്ഷയെന്നാൽ നയപരമാണ്, നിയമപരമായ പരിഹാരം കാണേണ്ട ഒന്നല്ല. അതിനാൽ, കോടതിയുടെ ഇടപെടലിന് പരിമിതിയുണ്ടെന്നും ആവശ്യമായ രേഖകൾ വിളിച്ചുവരുത്തി കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും എ.എസ്.ജി വ്യക്തമാക്കി.
മീഡിയവൺ മറുപടി:
ചാനലിന് ആദ്യമായി അനുമതി നൽകുമ്പോഴുള്ള നടപടിക്രമങ്ങളും മാർഗരേഖകളും പുതുക്കാനുള്ള അപേക്ഷയിൽ ആവർത്തിക്കേണ്ടതില്ലെന്ന് മീഡിയവണിന്‍റെ അഭിഭാഷകൻ വാദിച്ചു. രണ്ടിനും വ്യത്യസ്ത മാർഗരേഖകളാണ്. അനുമതി നൽകുമ്പോഴുള്ള ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമേ അനുമതി പുതുക്കി നൽകാതിരിക്കാനാവൂവെന്നാണ് വ്യവസ്ഥ.
വാർത്തകളുടെയും പരസ്യങ്ങളുടേയുമടക്കം ഉള്ളടക്കത്തിൽ വ്യവസ്ഥ ലംഘനമുണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. തുടർന്നാണ് ദേശസുരക്ഷയെ മറയാക്കി അറിയാനുള്ള അവകാശത്തെ തടയാനാവില്ലെന്ന പെഗസസ് കേസിലെ സുപ്രീംകോടതി വിധി അഭിഭാഷകൻ ഉദ്ധരിച്ചത്. അവകാശ സംരക്ഷണമാണ് സർക്കാറിന്‍റെ പ്രാഥമിക ദൗത്യം. രാജ്യസുരക്ഷ വാദം അനാവശ്യമായി ഉയർത്തിക്കാട്ടി വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നത് അവകാശലംഘനമാണ്.
അവകാശ നിഷേധത്തിനുള്ള കാരണം ബന്ധപ്പെട്ടവർക്ക് അറിയാൻ അർഹതയുണ്ട്. അല്ലാത്തപക്ഷം വസ്തുതകൾ കൃത്യമായി അവതരിപ്പിക്കാൻ കക്ഷിക്ക് കഴിയാതെവരും. എന്തെങ്കിലും ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികളോ ആരോപണങ്ങളോ 10 വർഷത്തിനിടെ ഉണ്ടായിട്ടില്ലെന്നിരിക്കെ ചാനലിന്‍റെ പ്രവർത്തനം എന്ത് സുരക്ഷയെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കാതെ അനുമതി നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്നും അഭിഭാഷകൻ പറഞ്ഞു.
പുതുതായി അനുമതി നൽകാൻ ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും പുതുക്കുന്നതിനും ബാധകമാണെന്നായിരുന്നു എ.എസ്.ജിയുടെ മറുപടി. മാധ്യമ സ്വാതന്ത്ര്യം അനിയന്ത്രിതമല്ലെന്നും ഉപാധികളോടെയുള്ളതാണെന്നും എ.എസ്.ജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.