മധ്യസ്ഥശ്രമം ഫലം കണ്ടില്ല; സമസ്ത-സി.ഐ.സി പ്രശ്നം പുകഞ്ഞുതന്നെ
text_fieldsകോഴിക്കോട്: സമസ്ത-സി.ഐ.സി പ്രശ്നം പരിഹരിക്കാൻ മുസ്ലിം ലീഗിന്‍റെ മധ്യസ്ഥശ്രമങ്ങളും ഫലം കണ്ടില്ല. മധ്യസ്ഥരും സമസ്ത നേതൃത്വവും നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശം പിന്നീട് ചേർന്ന സി.ഐ.സി സെനറ്റ് യോഗവും സമസ്ത മുശാവറയും ചർച്ചചെയ്തെങ്കിലും ഇരുവിഭാഗവും നീക്കുപോക്കിന് തയാറാകാത്തതാണ് പരിഹാരം അനിശ്ചിതത്വത്തിലാക്കിയത്. ഇതിനിടെ, സമസ്ത തീരുമാനത്തിന് വിരുദ്ധമായി വളാഞ്ചേരി മർക്കസിൽ സി.ഐ.സിയുടെ വാഫി-വഫിയ്യ കോഴ്സ് തുടരാൻ പാണക്കാട് മുനവ്വറലി തങ്ങൾ പ്രസിഡന്‍റായ കമ്മിറ്റി എടുത്ത തീരുമാനവും സമസ്തയെ ചൊടിപ്പിച്ചു. ഇതിനെതിരെ സമസ്തയുടെ പോഷക ഘടകങ്ങൾ കഴിഞ്ഞദിവസം യോഗം ചേർന്ന് സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ളവരെ പ്രതിഷേധം അറിയിച്ചു.
സമസ്ത, സി.ഐ.സി പ്രശ്നം വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും വിദ്യാർഥികളുടെ ഭാവിയെയും ബാധിച്ച സാഹചര്യത്തിലായിരുന്നു ജൂൺ ഒന്നിന് മുസ്ലിം ലീഗ് നേതാക്കൾ മധ്യസ്ഥരായി സമസ്ത നേതൃത്വവുമായി ചർച്ച നടന്നത്.
സാധാരണഗതിയിൽ ഒരു വിഷയത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ച പരാജയപ്പെട്ടാൽ അന്തിമ ചർച്ചയും തീരുമാനവും പാണക്കാട്ടാണ് ഉണ്ടാകാറുള്ളത്. എന്നാൽ, സി.ഐ.സി പ്രസിഡന്‍റ് എന്ന നിലയിൽ സാദിഖലി തങ്ങൾ പ്രശ്നത്തിൽ കക്ഷിയായതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങി മധ്യസ്ഥശ്രമം നടത്തിയത്. തുടർന്ന് സമസ്തയുടെ നിർദേശങ്ങളിൽ തീരുമാനമെടുക്കാൻ വിളിച്ച സെനറ്റ് യോഗം വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സമസ്തയുടെ സമ്പൂർണ നിയന്ത്രണത്തിൽ സി.ഐ.സിയെ കൊണ്ടുവരുന്ന തരത്തിലുള്ള നിർദേശം അപ്പടി അംഗീകരിക്കാൻ സെനറ്റ് തയാറായില്ല.
സമസ്ത നിർദേശങ്ങളിലെ ഉള്ളടക്കം അംഗീകരിച്ചെങ്കിലും നിയന്ത്രണം സി.ഐ.സിയുടെ കീഴിലായിരിക്കുമെന്ന തീരുമാനമാണ് യോഗം കൈക്കൊണ്ടത്. ഇത് മിനുട്ട്സിൽ രേഖപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം സമസ്തക്കെതിരെ കടുത്ത ഭാഷയിലുള്ള പ്രമേയങ്ങളും സെനറ്റ് യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. മാത്രവുമല്ല, ജന. സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേരത്തെ സാദിഖലി തങ്ങൾക്ക് സമർപ്പിച്ച രാജി അവഗണിച്ച് സെനറ്റിലുണ്ടായ പുതിയ രാജിപ്രഖ്യാപനവും സ്വീകരിക്കലും സമസ്ത നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.
അതിനിടെ, വളാഞ്ചേരി മർക്കസിൽ സമസ്ത നാഷനല്‍ എജുക്കേഷന്‍ കൗണ്‍സിലിന്‍റെ (എസ്.എൻ.ഇ.സി) കോഴ്സിന് തുടക്കമിടുകയും വാഫി, വഫിയ്യ കോഴ്സ് നിർത്തലാക്കുകയും ചെയ്ത നടപടി സംഘർഷത്തിനിടയാക്കിയിരുന്നു.
മുനവ്വറലി തങ്ങൾ അധ്യക്ഷനായ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചില വാഫി വിദ്യാർഥികൾ കോടതിയെ സമീപിച്ചു. ഇത് ചൂണ്ടിക്കാട്ടി സ്ഥാപനത്തിൽ വാഫി, വഫിയ്യ കോഴ്സ് തുടരാൻ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് അടക്കമുള്ള സമസ്തയുടെ പോഷക ഘടകങ്ങൾ കഴിഞ്ഞദിവസം യോഗം ചേർന്ന് സി.ഐ.സി പ്രസിഡന്‍റ് സാദിഖലി തങ്ങൾ, മധ്യസ്ഥനായ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ പ്രതിഷേധം അറിയിച്ചു.
രണ്ടു വിഭാഗവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ അടുത്താഴ്ച മധ്യസ്ഥരുടെ നേതൃത്വത്തിൽ വീണ്ടും ചർച്ചക്ക് ശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.