സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടി 31നകം പൂർത്തിയാക്കണം –ഹൈകോടതി
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടി ഇൗ മാസം 31നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. 31നുശേഷം സീറ്റുകൾ അവശേഷിക്കാനോ പ്രവേശന നടപടി തുടരാനോ പാടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിനോടും മാനേജ്മെൻറുകളോടും നിർദേശിച്ചു. ഇതിന് കൗൺസലിങ്, അലോട്ട്മെൻറ് എന്നിവയുമായി ബന്ധപ്പെട്ട തീയതികൾ തീരുമാനിച്ച് പ്രത്യേക ഷെഡ്യൂളും ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു.
അഞ്ചുലക്ഷം രൂപ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റായും ആറുലക്ഷം ബാങ്ക് ഗാരൻറിയായും എന്‍ട്രന്‍സ് കമീഷണറുടെ പേരില്‍ നല്‍കണമെന്ന് ഇൗ മാസം ഒമ്പതിന് ഇറക്കിയ ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ബാങ്ക് ഗാരൻറിക്ക് പകരം ബോണ്ട് നല്കിയാല് മതിയെന്നാണ് ചൊവ്വാഴ്ചത്തെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ആര്. രാജേന്ദ്രബാബു കമ്മിറ്റി അന്തിമ ഫീസ് നിശ്ചയിച്ചാല്‍ വര്‍ധനയുണ്ടെങ്കില്‍ അതടക്കം ബോണ്ട് പണമായി ആറുമാസത്തിനകം നല്‍കിയില്ലെങ്കില്‍ പ്രവേശനം റദ്ദാകും.
അതേസമയം, ഒമ്പതിലെ ഇടക്കാല ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച കോഴിക്കോട് കെ.എം.സി.ടി, മാഞ്ഞാലി ശ്രീനാരായണ എന്നീ സ്ഥാപനങ്ങൾ ആറുലക്ഷം രൂപ ബാങ്ക് ഗാരൻറിയായിതന്നെ നല്‍കേണ്ടിവരും. സര്‍ക്കാറുമായി പെരിന്തല്‍മണ്ണ എം.ഇ.എസ്, സി.എസ്.ഐ കാരക്കോണം കോളജുകള്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അത് നിലവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇപ്പോൾ തുടരുന്ന അലോട്ട്മെൻറിന് ശേഷമുള്ള ഒഴിവുകള്‍ 24ന് അറിയാനാകും. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ഈ വിവരം 25ന് രാവിലെ പ്രവേശന പരീക്ഷ കമീഷണറുടെയും മെഡിക്കല്‍ കോളജുകളുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ഓപ്ഷന് തീരുമാനിക്കാന്‍ വിദ്യാര്‍ഥികളെ ഇത് സഹായിക്കും.
26ന് വൈകീട്ട് നാലുവരെ ഒാപ്ഷൻ നൽകാം. 27ന് പരീക്ഷ കമീഷണര്‍ രണ്ടാം കൗണ്‍സലിങ് നടത്തി അലോട്ട്മെൻറ് പട്ടിക അന്ന് വൈകീട്ട് പ്രസിദ്ധീകരിക്കണം. 28ന് പൊതുഅവധിദിനമാണെങ്കിലും കമീഷണര്‍ അവധിയില്ലാതെ പ്രവര്‍ത്തിച്ച് 27ലെ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാവിലെതന്നെ പൂര്‍ത്തിയാക്കണം. പ്രവേശനം നേടാന്‍ 29ന് വൈകീട്ട് നാലുവരെ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കണം. 30, 31 തീയതികളിൽ സ്പോട്ട് അഡ്മിഷന് നടപടി പൂര്‍ത്തീകരിക്കണം. ഇതിനുശേഷം ഒരുഒഴിവുപോലും ഉണ്ടാകരുത്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് പ്രവേശന നടപടി നടത്തേണ്ടത്. ഈ സമയങ്ങളില്‍ പരീക്ഷ കമീഷണറുടെയും ബന്ധപ്പെട്ട കോളജ് പ്രതിനിധികളുെടയും സാന്നിധ്യം ഉണ്ടാകണമെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. പാലക്കാട് കരുണ, കണ്ണൂർ, എസ്.യു.ടി, മലബാർ മെഡിക്കൽ കോളജുകളിൽ 450 സീറ്റുണ്ടെങ്കിലും ആരോഗ്യസർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതിനാൽ ഇവക്ക് അലോട്ട്മെൻറിൽ പങ്കെടുക്കാനാവുന്നില്ലെന്ന വാദമുയർത്തിയിരുന്നു. അഫിലിയേഷന് സംബന്ധിച്ച പ്രശ്നങ്ങളില്‍ 24നകം ആരോഗ്യ സർവകലാശാല വി.സി തീരുമാനമെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.