കണ്ണൂർ, കരുണ മെഡി. കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം അംഗീകരിക്കാനുള്ള ബിൽ സഭയിൽ
text_fieldsതിരുവനന്തപുരം: അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകള്‍ 2016-17 വര്‍ഷം മെറിറ്റ് അട്ടിമറിച്ചും പ്രവേശന മേൽനോട്ട സമിതിയുടെ നിർദേശം ലംഘിച്ചും നടത്തിയ വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്‍ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം കൂടി പിന്തുണച്ച ബിൽ സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. മെറിറ്റ് അട്ടിമറിച്ച് ചട്ടവിരുദ്ധമായി മാനേജുമെൻറുകള്‍ നടത്തിയ പ്രവേശനമാണ് സമ്മര്‍ദത്തെ തുടർന്ന് നിയമനിര്‍മാണത്തിലൂടെ ക്രമപ്പെടുത്തുന്നത്.
വിദ്യാര്‍ഥികള്‍ രണ്ടുവര്‍ഷം പഠിച്ചാല്‍ മാനുഷിക പരിഗണന നൽകണമെന്ന നിലപാടിൽ ഇതുസംബന്ധിച്ച് നേരത്തേ സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ബില്ലായി അവതരിപ്പിച്ചത്. ഒാർഡിനൻസിെൻറ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയിലെ യോഗ്യത നോക്കാതെതന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 118ഉം കരുണയിലെ 31ഉം വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്താമെന്നാണ് പ്രവേശന മേല്‍നോട്ടസമിതി അംഗം കൂടിയായ ആരോഗ്യസെക്രട്ടറി ഉത്തരവിറക്കിയത്.
2016 -17 വര്‍ഷം കോളജുകള്‍ നേരിട്ടുനടത്തിയ പ്രവേശനം ചട്ടവിരുദ്ധമെന്നുകണ്ട് മേല്‍നോട്ടസമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതംഗീകരിക്കാതിരുന്ന കോളജുകള്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുമായി പഠനം തുടര്‍ന്നു. കോളജുകൾ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പ്രവേശനം റദ്ദാക്കിയ നടപടി ശരിവെക്കുകയായിരുന്നു. ഒരുവര്‍ഷം പഠനം തുടര്‍ന്നെങ്കിലും പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാല്‍ ആരോഗ്യ സര്‍വകലാശാല ഈ വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് അനുവദിച്ചില്ല. സുപ്രീംകോടതി വിധി എതിരായതോടെയാണ് പ്രവേശനം ക്രമപ്പെടുത്താന്‍ മാനേജ്മെൻറുകളും രക്ഷാകർത്താക്കളും സര്‍ക്കാറിനെ സമീപിച്ചത്. പ്രതിപക്ഷത്തെ കൂടി കൈയിലെടുത്ത് നടത്തിയ രാഷ്ട്രീയ സമ്മര്‍ദത്തില്‍ അയഞ്ഞ സര്‍ക്കാര്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.
അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 137 വിദ്യാര്‍ഥികളുടെയും പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ 31 വിദ്യാര്‍ഥികളുടെയും തിരുവനന്തപുരം എസ്.യു.ടിയിലെ ഒരു വിദ്യാർഥിയുടെയും പ്രവേശനമാണ് മേല്‍നോട്ടസമിതി റദ്ദാക്കിയിരുന്നത്. മെറിറ്റ് പരിശോധിച്ച് പ്രവേശനം ക്രമപ്പെടുത്താനും െറഗുലറൈസേഷന് ഫീസായി ഒരുവിദ്യാര്‍ഥിക്ക് മൂന്നുലക്ഷം വീതം മാനേജ്മെൻറില്നിന്നും ഈടാക്കാനും ഓര്‍ഡിനന്‍സില്‍ നിര്‍ദേശിച്ചിരുന്നു.
ആയുഷ് വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിനെ വിദ്യാര്‍ഥികളുടെ മെറിറ്റ് പരിശോധനക്കായി നിയോഗിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 44 ഉം കരുണയിലെ 25 ഉം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ മെറിറ്റ് പ്രകാരം പ്രവേശനം ക്രമപ്പെടുത്തി നൽകാനാവൂവെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നൽകി. അവശേഷിച്ച വിദ്യാര്‍ഥികള്‍ രംഗത്തുവന്നതോടെ പട്ടിക വിപുലപ്പെടുത്താന്‍ സർക്കാര്‍ നിര്‍ബന്ധിതമായി. മറ്റ് ഇളവുകള്‍ക്കൊപ്പം കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ പ്രവേശനപ്പട്ടികയിലെ അവസാന റാങ്കുമായി താരതമ്യം ചെയ്താണ് രണ്ടുകോളജിലുമായി 149 പേരുടെ പ്രവേശനം ക്രമപ്പെടുത്താൻ തീരുമാനിച്ചത്.
ഇൗ കോളജുകളിൽ വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ച രീതി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ജയിംസ് കമ്മിറ്റി മുമ്പാകെ രേഖകൾ ഹാജരാക്കാതിരുന്നത് പരിഗണിക്കേണ്ടതില്ലെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ബിൽ കൊണ്ടുവരുന്നതെന്നും ഇത് കീഴ്വഴക്കമാകില്ലെന്നും ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.