തലവരി തിരികെ ചോദിച്ച് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച് കഴിഞ്ഞ വർഷം നടത്തിയ പ്രവേശനം സ്ഥിരപ്പെടുത്താൻ ഒാർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനിടെ കണ്ണൂർ മെഡിക്കൽ കോളജ് ഇൗടാക്കിയ തലവരിപ്പണത്തിെൻറ കണക്കുമായി വിദ്യാർഥികൾ. പണം തിരികെ ആവശ്യപ്പെട്ട് 10 വിദ്യാർഥികൾ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയെ സമീപിച്ചതോടെയാണ് നിയമവിരുദ്ധ പ്രവേശനത്തിനു പിന്നിലെ പണമിടപാട് പുറത്തുവരുന്നത്. തലവരി വാങ്ങിയെന്ന് വിദ്യാർഥികൾതന്നെ പരാതിയുമായി രംഗത്ത് വന്നത് കോളജിനെ രക്ഷിച്ചെടുക്കാനുള്ള സർക്കാറിെൻറ ഒാർഡിനൻസ് നീക്കത്തിന് തിരിച്ചടിയുമായി.
35 മുതൽ 45 ലക്ഷം രൂപ വരെ എം.ബി.ബി.എസ് സീറ്റിനായി േകാളജ് അധികൃതർ വാങ്ങിയെന്നാണ് പരാതി.
കോളജിലെ പ്രവേശനം കഴിഞ്ഞ വർഷം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദ് ചെയ്യുകയും ഇത് ഹൈകോടതിയും സുപ്രീംകോടതിയും ശരിവെക്കുകയും ചെയ്തിരുന്നു. പ്രവേശനം റദ്ദ് ചെയ്യുകയും രജിസ്േട്രഷൻ ലഭിക്കാതെ വരുകയും ചെയ്തതോടെയാണ് വിദ്യാർഥികൾ കോളജിനെതിരെ രംഗത്തുവന്നത്. 35 ലക്ഷം, 37 ലക്ഷം, 40 ലക്ഷം, 42 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വ്യത്യസ്ത നിരക്കുകളാണ് പരാതിക്കാരായ വിദ്യാർഥികേളാട് കോളജ് ഇൗടാക്കിയത്. വാർഷിക ഫീസിന് പുറമേയാണ് ഇൗ തുക ഇൗടാക്കിയത്. പ്രവേശന നടപടി റദ്ദാക്കപ്പെട്ടതോടെ വാർഷിക ഫീസ് പലർക്കും അടയ്ക്കേണ്ടിവന്നില്ല. മെറിറ്റ് അട്ടിമറിച്ചെന്ന് കണ്ട് പ്രവേശനം റദ്ദ് ചെയ്ത ജയിംസ് കമ്മിറ്റി നടപടിക്കെതിരെ കോളജ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അംഗീകരിച്ചില്ല.
ഇതോടെയാണ് പണം നൽകിയ വിദ്യാർഥികളും രക്ഷാകർത്താക്കളും കോളജിനെതിരെ രംഗത്തുവന്നത്. ഇതിനിടെ ഭരണ, പ്രതിപക്ഷ തലത്തിൽ കോളജ് അധികൃതർ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും മുന്നിൽ നിർത്തി നടത്തിയ നീക്കമാണ് ഒാർഡിനൻസ് ഇറക്കാൻ വഴിവെച്ചത്. 10 വിദ്യാർഥികളുടെ പരാതി ലഭിച്ചതോടെ വിശദീകരണം തേടി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി കോളജ് അധികൃതർക്ക് നോട്ടീസ് അയക്കും. പ്രശ്നത്തിൽ കോളജ് അധികൃതരുടെ വാദം കേട്ടശേഷം തുടർനടപടിയിേലക്ക് നീങ്ങുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു. വൻ തുക തലവരി വാങ്ങിയെന്ന് വിദ്യാർഥികളിൽനിന്നുതന്നെ പരാതി ഉയർന്ന മെഡിക്കൽ പ്രവേശനത്തെ സ്ഥിരപ്പെടുത്തി നൽകാനാണ് സർക്കാർ ഒാർഡിനൻസുമായി മുന്നോട്ടുപോകുന്നത്. മന്ത്രിസഭ അംഗീകരിച്ച ഒാർഡിനൻസ് അവധി ദിനങ്ങൾ കഴിഞ്ഞാൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കും. ഗവർണറുടെ നിലപാട് പ്രശ്നത്തിൽ നിർണായകമാകും.
കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം 150 സീറ്റുകളിലേക്ക് നടത്തിയ പ്രവേശനമാണ് റദ്ദ് ചെയ്തത്. ഇതോടൊപ്പം പാലക്കാട് കരുണ മെഡിക്കൽ കോളജിലെ 30 സീറ്റിലെ പ്രവേശനവും റദ്ദ് ചെയ്തിരുന്നു. ഇവിടേക്ക് പകരം 30 വിദ്യാർഥികളെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണർ അലോട്ട് ചെയ്തിരുന്നു. ഇവർക്ക് കരുണ കോളജ് പ്രവേശനം നൽകാതെ കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നൽകാതിരുന്ന 30 വിദ്യാർഥികളിൽ 23 പേർക്കും ഇൗ വർഷം കോടതി നിർദേശപ്രകാരം കോളജ് പ്രവേശനം നൽകേണ്ടിയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.