മെറിറ്റ് അട്ടിമറിച്ച് പ്രവേശനം സ്ഥിരപ്പെടുത്താനുള്ള ഒാർഡിനൻസ് വിവാദത്തിലേക്ക്
text_fieldsതിരുവനന്തപുരം: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് കഴിഞ്ഞ അധ്യയന വർഷം മെറിറ്റ് അട്ടിമറിച്ച് നടത്തിയ പ്രവേശനം ശരിവെക്കാൻ ഒാർഡിനൻസ് കൊണ്ടുവരുന്ന സംസ്ഥാന സർക്കാർ നടപടി വിമർശന വിധേയമാകുന്നു. സംസ്ഥാന ചരിത്രത്തിൽ ഒരു സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന നടപടിയിൽ കൃത്രിമം കാണിച്ചത് കൈയോടെ പിടികൂടിയ സംഭവം കൂടിയായിരുന്നു കണ്ണൂർ മെഡിക്കൽ കോളജിലേത്. 150 സീറ്റുകളിലേക്ക് കോളജ് നടത്തിയ പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോളജ് അധികൃതർ ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവെക്കുകയായിരുന്നു. കോളജിന് കോടതി പിഴ ചുമത്തുകയും ചെയ്തിരുന്നു. സ്വാശ്രയ മാനേജ്മെൻറ് നടത്തിയ നഗ്നമായ മെറിറ്റ് അട്ടിമറി വെള്ളപൂശാനാണ് സർക്കാർ ഒാർഡിനൻസ് കൊണ്ടുവരുന്നത്. പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവി എന്ന കാരണം നിരത്തിയാണ് സർക്കാർ ഒാർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
സുപ്രീംകോടതി വിധി വരെയുള്ള സംഭവത്തിൽ ഇതിനെ മറികടക്കാൻ ഒാർഡിനൻസ് കൊണ്ടുവരുന്നതിെൻറ നിയമ സാധുതയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി വിധിയുള്ള കേസിൽ മഹാരാഷ്ട്ര സർക്കാർ വിധിയെ മറികടക്കാൻ നേരത്തേ ഒാർഡിനൻസ് കൊണ്ടുവന്നതിന് നിലനിൽപ്പില്ലാതെ പോയതും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി. സദാശിവം ഒാർഡിനൻസിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പ്രതിപക്ഷം ഉൾപ്പെടെയുള്ളവരുമായി രാഷ്ട്രീയതലത്തിൽ നടത്തിയ നീക്കുപോക്കുകളാണ് നിയമവിരുദ്ധ വിദ്യാർഥി പ്രവേശനം ശരിവെക്കാൻ ഒാർഡിനൻസിലേക്ക് നയിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെ ഇതിനായി കോളജ് അധികൃതർ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ മണ്ഡലത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. പ്രവേശനം റദ്ദ് ചെയ്യപ്പെട്ട വിദ്യാർഥികളെയും രക്ഷാകർത്താതാളെയും മുന്നിൽ നിർത്തിയായിരുന്നു കോളജ് അധികൃതരുടെ നീക്കം. പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് വൻ തുക ഇൗടാക്കിയതും മാനേജ്മെൻറിനെതിരെ ഇവർ നിയമനടപടിയിലേക്ക് നീങ്ങിയതും വാർത്തയായിരുന്നു. പ്രവേശനം റദ്ദ് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇൗടാക്കിയ വൻ തുക മാനേജ്മെൻറ് തിരികെ നൽകേണ്ട സാഹചര്യവുമുണ്ടായി. ഇതു മറികടക്കാൻ മാനേജ്മെൻറിനെ സഹായിക്കുന്നത് കൂടിയാണ് ഒാർഡിനൻസ്.
കഴിഞ്ഞ വർഷം പ്രവേശനത്തിന് ഓണ്‍ലൈന്‍ രീതി കൊണ്ടുവന്ന ജയിംസ് കമ്മിറ്റിയുടെ തീരുമാനമാണ് കണ്ണൂർ, കരുണ കോളജുകളിലെ ക്രമക്കേട് വെളിച്ചത്തുവരാന്‍ ഇടയാക്കിയത്. വെബ്സൈറ്റില്‍ അപേക്ഷ സൗകര്യം ഒരുക്കാനുള്ള ഉത്തരവ് ഇരുകോളജും അട്ടിമറിച്ചു. കണ്ണൂര്‍ കോളജിലെ 150 സീറ്റിലെയും കരുണ കോളജിലെ 100 സീറ്റിലെയും പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദ് ചെയ്യുകയും മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശം നടത്താന്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ രണ്ട് കോളജുകളും ഹൈകോടതിയെ സമീപിച്ചെങ്കിലും കോളജില്‍ അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്കി സ്പോട്ട് അഡ്മിഷന് നടത്താന്‍ പരീക്ഷ കമീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
എന്നാല്‍, കണ്ണൂര്‍ കോളജ് രേഖകള്‍ ഒന്നും ഹാജരാക്കിയില്ല. കരുണ കോളജ് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ആദ്യം പ്രവേശനം നല്കിയ 100ല്‍ 30 പേരെ പുറത്താക്കി പകരം 30 പേര്‍ക്ക് കമീഷണര്‍ പ്രവേശം നല്കി. കോളജുകളുടെ നിസ്സഹകരണം ഉള്‍പ്പെടെയുള്ളവ കമീഷണര്‍ കോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. ഇതിനെത്തുടര്‍ന്ന് കോളജുകള്‍ക്ക് കോടതി ലക്ഷം രൂപ വീതം പിഴയിടുകയും അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജയിംസ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. പരിശോധനക്കായി ജയിംസ് കമ്മിറ്റി രേഖകള്‍ വിളിപ്പിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തുവരുന്നത്.
കണ്ണൂര്‍ കോളജ് ഹാജരാക്കിയ അപേക്ഷകള്‍ ഒന്നും ഓണ്‍ലൈന്‍ രീതിയില്‍ സ്വീകരിച്ചവയല്ലെന്ന് കമ്മിറ്റി കെണ്ടത്തി. അപേക്ഷകളിൽ നമ്പർ പോലുമില്ലായിരുന്നു. ഒാൺലൈൻ രീതിക്ക് പകരം പ്രവേശനം നൽകിയവരിൽ നിന്ന് നേരിട്ട് അപേക്ഷ വാങ്ങുകയായിരുെന്നന്നും വ്യക്തമായി. മുഴുവന്‍ നിര്‍ദേശങ്ങളും മെറിറ്റും അട്ടിമറിച്ചാണ് പ്രവേശനം എന്നും കണ്ടെത്തിയിരുന്നു. പ്രവേശന മേൽനോട്ട സമിതി റദ്ദ് ചെയ്യുകയും പിന്നീട് ഹൈകോടതിയും സുപ്രീംകോടതിയും നടപടി ശരിവെക്കുകയും ചെയ്ത പ്രവേശനം സ്ഥിരപ്പെടുത്താനാണ് സർക്കാർ ഒാർഡിനൻസ് കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.