മെഡിക്കൽ പ്രവേശനം: സർക്കാർ സ്വാശ്രയ മാനേജ്മെന്‍റുകളെ സഹായിക്കുന്നു -പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളെ സഹായിക്കുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. നീറ്റ് പരീക്ഷാഫലം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും സർക്കാർ നോക്കി നിന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വാശ്രയ മെഡിക്കൽ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിലാണ് സർക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചത്.
85 ശതമാനം സീറ്റിനും പ്രവേശനാധികാരം സർക്കാറിന് ലഭിച്ചിട്ടും ഇത്രയം ആശയകുഴപ്പം ഉണ്ടാകാൻ കാരണം ആരോഗ്യ മന്ത്രി തന്നെയാണ്. ഒാർഡിനൻസ് മൂന്നു തവണ തിരുത്തി ഇറക്കി. വലിയ മണ്ടത്തരങ്ങളാണ് സർക്കാർ കാണിക്കുന്നത്. അവസാനം വിഷയം കോടതിയുടെ മുന്നിലെത്തിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ആശയ കുഴപ്പത്തിലാണ്. കൊള്ളാവുന്ന ആരെയെങ്കിലും ആരോഗ്യ വകുപ്പ് ഏൽപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മെഡിക്കൽ പ്രവേശനം സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കകൾ വേണ്ട. മാനേജ്മെന്‍റുകൾ ഒരു ഭാഗത്ത് സർക്കാറുമായി സഹകരിക്കുമ്പോൾ തന്നെ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.