മെഡിക്കൽ പ്രവേശനം^ഫീസ് നിർണയം നടപടികൾ പൂർത്തിയാക്കാൻ സമയക്രമമായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ ഫീസ് നിർണയ, പ്രവേശന നടപടികളുടെ സമയക്രമം നിശ്ചയിച്ച് സർക്കാർ ഉത്തരവ്. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. മെഡിക്കൽ പ്രവേശനത്തിന് മെഡിക്കൽ കൗൺസിൽ നിശ്ചയിക്കുന്ന സമയപരിധി കഴിഞ്ഞാലും കേരളത്തിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു സമയക്രമം മുൻകൂട്ടി നിശ്ചയിക്കാൻ നേരത്തെ ഹൈകോടതി നിർദേശിച്ചത്.
സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം കോളജുകൾക്ക് വരവ് ചെലവ് കണക്ക് സംബന്ധിച്ച് വിവരങ്ങൾ നൽകേണ്ട അവസാനതീയതി ഡിസംബർ 31 ആണ്. കോളജ് അധികൃതരുടെ വാദംകേട്ട ശേഷം അന്തിമ ഫീസ് നിർണയം സംബന്ധിച്ച ഉത്തരവ് ഫെബ്രുവരി 15നകം പുറപ്പെടുവിക്കണം. കോളജുകൾക്ക് പരാതിയുണ്ടെങ്കിൽ ഉത്തരവിറങ്ങി ഒരുമാസം വരെ അപ്പീൽ നൽകാൻ സമയമുണ്ടാകും. നിയമനടപടികളുണ്ടെങ്കിൽ ഏപ്രിൽ 15നകം പൂർത്തിയാക്കണം.
ഏപ്രിൽ 15നകം നിയമനടപടികൾ പൂർത്തിയായില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് ഇടക്കാല ഉത്തരവ് നൽകാവുന്നതാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. മേയ് ഒന്നിനും ഏഴിനുമിടയിൽ നീറ്റ് പരീക്ഷ നടക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും മെഡിക്കൽ കൗൺസിൽ നിർദേശപ്രകാരം സി.ബി.എസ്.ഇയാണ് നടത്തുക. ഇതിനനുസൃതമായി തീയതികളിൽ മാറ്റമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റ് വിഭജനം, ഫീസ്ഘടന എന്നിവ സംബന്ധിച്ച വിജ്ഞാപനം ജൂൺ പത്തിനകം പ്രസിദ്ധീകരിക്കണം.
സുപ്രീംകോടതി വിധി പ്രകാരം പ്രവേശനത്തിന് രണ്ട് റൗണ്ട് കൗൺസലിങ് ആണ് നടത്തേണ്ടത്. പ്രവേശനം പൂർത്തിയാക്കി 48 മണിക്കൂറിനകം പ്രവേശന പരീക്ഷ കമീഷണർ പട്ടിക പ്രവേശന മേൽനോട്ട സമിതിക്കും ഫീ െറഗുലേറ്ററി കമ്മിറ്റിക്കും കൈമാറണം. അതേസമയം, കഴിഞ്ഞ വർഷത്തെയും ഇൗ വർഷത്തെയും അന്തിമ ഫീസ് നിർണയ നടപടികൾ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നടത്തിവരികയാണ്. നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലെയും കെ.എം.സി.ടി, കരുണ മെഡിക്കൽ കോളജുകളിലെയും ഫീസ് ഘടന ഇതിനകം കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. 12 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടന ഒന്നിച്ച് നിശ്ചയിക്കുന്ന നടപടികളാണ് ഇപ്പോൾ കമ്മിറ്റി നടത്തിവരുന്നത്. ഇതുസംബന്ധിച്ച് വൈകാതെ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.