മുന്നാക്ക സംവരണത്തിന് വഴിവിട്ട് നൽകിയ മെഡിക്കൽ സീറ്റുകൾ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ മുന്നാക്ക സംവരണത്തിനായി കഴിഞ്ഞവർഷം അധികമായി അനുവദിച്ച സീറ്റുകൾ പിൻവലിച്ചു. പുതുക്കിയ സീറ്റ് മെട്രിക്സ് തയാറാക്കിയപ്പോഴാണ് അധിക സീറ്റുകൾ പിൻവലിച്ചത്.
ജനറൽ കാറ്റഗറിയിൽനിന്ന് പത്ത് ശതമാനം വരെ സീറ്റുകൾ നീക്കിവെക്കാമെന്ന ഉത്തരവിെൻറ മറവിൽ ഇതര സംവരണവിഭാഗങ്ങളെ മറികടന്ന് 130 സീറ്റുകൾ നൽകിയ നടപടിയാണ് ഇതോടെ സർക്കാർ തിരുത്തിയത്. പകരം പത്ത് ശതമാനം സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തിന് നൽകിയ സീറ്റിന് തുല്യമായ സീറ്റാണ് മുന്നാക്ക സംവരണത്തിനും നൽകിയത്. മെഡിക്കൽ കൗൺസിൽ കഴിഞ്ഞവർഷം അധികമായി അനുവദിച്ച 155 സീറ്റുകൾ നിലവിലുണ്ടായിരുന്ന 1400 സീറ്റിനോട് ചേർത്താണ് ഒാരോ സംവരണവിഭാഗത്തിനുമുള്ള സീറ്റുകൾ നിശ്ചയിച്ചത്. ഇതുപ്രകാരം എസ്.സി/ എസ്.ടി വിഭാഗത്തിനും മുന്നാക്ക സംവരണത്തിനും 112 സീറ്റുകളാണ് നീക്കിവെച്ചത്.
എസ്.സി/എസ്.ടി വിഭാഗത്തിന് കഴിഞ്ഞവർഷം 105 സീറ്റുകളാണ് നൽകിയിരുന്നത്. മുന്നാക്ക സംവരണം നിലവിലുള്ള സീറ്റുകളോട് ചേർത്ത് ചെയ്തതോടെ സ്റ്റേറ്റ് മെറിറ്റ് സീറ്റ് 60 ശതമാനത്തിൽനിന്ന് 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സ്റ്റേറ്റ് മെറിറ്റ് സീറ്റ് 50 ശതമാനമാക്കി ഇതര സംവരണവിഭാഗങ്ങൾക്ക് സമാനമായി മുന്നാക്ക സംവരണ സീറ്റ് വിഹിതം നിശ്ചയിക്കാനാണ് ആരോഗ്യവകുപ്പ് പ്രവേശന പരീക്ഷാ കമീഷണർക്ക് ഉത്തരവ് നൽകിയത്. പ്രോസ്പെക്ടസിൽ ഇതിനനുസൃതമായി ഭേദഗതി വരുത്തി ഉത്തരവിറക്കും. മുന്നാക്ക സംവരണ സീറ്റുകൾ കുറച്ചതോടെ ഇതര സംവരണ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്.
ഇതുപ്രകാരം ഇൗഴവ വിഭാഗത്തിന് കഴിഞ്ഞവർഷം 94 സീറ്റ് ലഭിച്ചത് ഇൗ വർഷം 100 സീറ്റ് വരെ ലഭിക്കും. മുസ്ലിം വിഭാഗത്തിന് കഴിഞ്ഞവർഷം 84 സീറ്റ് ലഭിച്ചത് ഇൗ വർഷം 89 സീറ്റുകൾവരെയും ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്ക് 31 സീറ്റുണ്ടായിരുന്നത് 33 വീതം സീറ്റായും ഉയരും.
അതേസമയം, സ്റ്റേറ്റ് മെറിറ്റ് സീറ്റുകളുടെ പത്ത് ശതമാനം മാത്രമേ മുന്നാക്ക സംവരണത്തിന് നീക്കിവെക്കാവൂ എന്ന സംവരണസമുദായ സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പകരം അഖിലേന്ത്യ ക്വോട്ട, സ്പെഷൽ സംവരണം ഉൾപ്പെടെയുള്ള സീറ്റുകൾ കഴിഞ്ഞുള്ള ആകെ സീറ്റിെൻറ പത്ത് ശതമാനമാണ് മുന്നാക്ക സംവരണത്തിനായി നൽകിയത്. ജനറൽ കാറ്റഗറിയുടെ പത്ത് ശതമാനം നൽകിയിരുന്നെങ്കിൽ സ്റ്റേറ്റ് മെറിറ്റിൽ സീറ്റുകൾ കുറയുന്നത് തടയാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.