ഷാഫി പറമ്പിലും ഹൈബി ഈഡനും നിരാഹാര സമരം തുടരും
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ യു.ഡി.എഫ് എം.എല്‍.എമാർ തുടരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും ക്ഷീണിതരാണെങ്കിലും നിരാഹാരം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. മൂന്നു മണിക്കൂര്‍ ഇടവിട്ട് വൈദ്യപരിശോധന നടത്തുന്ന ഡോക്ടർമാർ റിപ്പോര്‍ട്ട് സ്പീക്കറുടെ ഓഫിസിലെത്തിക്കുന്നുണ്ട്.
അതേസമയം, എം.എൽ.എമാരുടെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്നതിനാല്‍ വൈദ്യ പരിശോധനയോട് സഹകരിക്കണോയെന്ന ആലോചനയും യു.ഡി.എഫിൽ നടക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. നിയമസഭക്കുള്ളിലേക്ക് സമരം വ്യാപിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇതിനിടെ, ആരോഗ്യസ്ഥിതി വഷളായ അനൂപ് ജേക്കബിനെ ശനിയാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആഹാരം ഒഴിവാക്കിയതിനെ തുടര്‍ന്ന് ശരീരത്തില്‍ ബിലിറൂബിന്‍െറ അളവ് കൂടിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചത്. നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനൂപ് ജേക്കബ് തയാറായില്ല. ഉച്ചയോടെ അവശതയിലായി.
ഷാഫി പറമ്പിലും ഹൈബി ഈഡനും ഒന്നിച്ച് നിരാഹാരമനുഷ്ഠിക്കുന്നത് ഇതാദ്യമല്ല. 2008ല്‍ ഹൈബി ഈഡന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റും ഷാഫി പറമ്പില്‍ ജനറല്‍ സെക്രട്ടറിയുമായിരിക്കെ പാഠപുസ്തക സമരത്തെ തുടര്‍ന്ന് ഇരുവരും ജയിലിലായി. ജയിലില്‍ ആറു ദിവസം തുടര്‍ച്ചയായി നിരാഹാരം കിടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.