സ്വാശ്രയ മെഡിക്കൽ: സ്ഥിരം ഫീസ് ഘടന നിശ്ചയിച്ച് ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള സ്ഥിരം ഫീസ് ഘടന ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച് തുടങ്ങി. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിെൻറ വാർഷിക ഫീസ് 4.80 ലക്ഷമാക്കി നിശ്ചയിച്ചുകൊണ്ട് കമ്മിറ്റി വ്യാഴാഴ്ച രാത്രിയോടെയാണ് ഉത്തരവിറക്കിയത്. 2017^-18 വർഷത്തെ ഫീസാണിത്.
ഇപ്പോൾ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ ഫീസായിരിക്കും ബാധകം. ഇവരുടെ അടുത്തവർഷത്തെ വാർഷികഫീസ് 5.54 ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. ഇതേ കോളജിൽ കഴിഞ്ഞവർഷം പ്രവേശനം നേടിയവരുടെ വാർഷിക ഫീസ് 4.15 ലക്ഷമായിരിക്കും. ഇവർ 10 ലക്ഷം താൽക്കാലിക വാർഷിക ഫീസും 10 ലക്ഷം ബാങ്ക് ഗ്യാരൻറിയും നൽകിയിരുന്നു. എന്നാൽ, കോളജ് യഥാസമയം കണക്കുകൾ സമർപ്പിക്കാത്തതിനാൽ ഫീസ് നിശ്ചയിക്കാൻ കഴിഞ്ഞിരുന്നില്ല.
ജസ്റ്റിസ് രാജേന്ദ്രബാബു സമിതിയുടെ അന്ത്യശാസനത്തെതുടർന്ന് കഴിഞ്ഞവർഷത്തെ വരവുചെലവ് കണക്കും അടുത്തിടെ സമർപ്പിച്ചിരുന്നു. മറ്റ് കോളജുകളിലെ ഫീസ് ഘടന ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സ്വാശ്രയ കോളജുകൾ സമർപ്പിച്ച ചെലവ് കണക്കും അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റികളുടെ എണ്ണവും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചത്. 21 സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും വാർഷികഫീസായി അഞ്ചുലക്ഷം രൂപയും താൽക്കാലികമായി നിശ്ചയിച്ചിരുന്നു.
തുടർന്ന് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി താൽക്കാലിക ഫീസ് 11 ലക്ഷമായി നിശ്ചയിക്കുകയും ചെയ്തു. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷത്തിന് പുറമെ ആറുലക്ഷം ബാങ്ക് ഗ്യാരൻറി നൽകാനും ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നീറ്റ് യോഗ്യത നേടിയ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പ്രവേശനം അസാധ്യമായി. തുടർന്ന് ബാങ്കിൽ സംസ്ഥാന സർക്കാർ ഗാരൻറി നിൽക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.