അഞ്ച് മെഡിക്കൽ കോളജിലെ 600 സീറ്റിൽ പ്രവേശനവിലക്ക്
text_fieldsതൃശൂർ: മെഡിക്കൽ കൗൺസിൽ പ്രവേശനം തടഞ്ഞ ആയിരം സീറ്റിന് പുറമെ എറണാകുളം ഗവ. മെഡിക്കൽ കോളജും പരിയാരം സഹകരണ മെഡിക്കൽ കോളജും ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളജുകളിലായി 600 സീറ്റിൽ കൂടി ഇത്തവണ എം.ബി.ബി.എസ് പ്രവേശനം നടത്തരുതെന്ന് ആരോഗ്യ സർവകലാശാല. ഇക്കാര്യം കാണിച്ച് സർക്കാറിനും പ്രവേശന പരീക്ഷ കമീഷണർക്കും സർവകലാശാല കത്ത് നൽകി. അടുത്ത മാസം ഏഴിന് ചേരുന്ന സർവകലാശാല ഗവേണിങ് കൗൺസിൽ യോഗം, ഇക്കാര്യത്തിൽ സർക്കാറിെൻറ പ്രതികരണവും നടപടിയും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.
100 സീറ്റ് വീതമുള്ള എറണാകുളം ഗവ. മെഡിക്കൽ കോളജ്, പരിയാരം സഹകരണ മെഡിക്കൽ കോളജ്,150 സീറ്റ് വീതമുള്ള കണ്ണൂർ അഞ്ചരക്കണ്ടി, കാരക്കോണം സി.എസ്.ഐ, 100 സീറ്റുള്ള കൊല്ലം അസീസിയ എന്നിവയിൽ ഇത്തവണ പ്രവേശനം നടത്തരുതെന്നാണ് സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം, പരിയാരം മെഡിക്കൽ കോളജുകളിലെ പ്രധാന ന്യൂനത അധ്യാപകരുടെ കുറവാണെങ്കിൽ മറ്റു മൂന്നിടത്ത് മാനദണ്ഡം അനുസരിച്ചുള്ള രോഗികളുമില്ല. അഞ്ചു കോളജുകൾക്കും സർവകലാശാല നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ കോളജുകളിലെ കുറവുകൾ പരിശോധനയിൽ ബോധ്യപ്പെട്ടതായെന്നും അത് അവഗണിച്ച് അഫിലിയേഷൻ നൽകാനാവില്ലെന്നും സർവകലാശാലയിലെ ഉന്നതൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പ്രവേശനം അടുക്കുമ്പോഴേക്കും സർക്കാർ മെഡിക്കൽ കോളജുകളിൽ അധ്യാപകരെ താൽക്കാലികമായി വിന്യസിച്ചും വ്യവസ്ഥകൾ ലഘൂകരിച്ചും, സ്വാശ്രയ കോളജുകൾ കോടതിയിൽനിന്ന് അനുമതി നേടിയും പ്രവേശനം നടത്തുന്നതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ശ്രമം സർക്കാർ തലത്തിൽ നടക്കുന്നതായും അറിയുന്നു.
ദിവസങ്ങൾക്കു മുമ്പ് പാലക്കാട് ഗവ. മെഡിക്കൽ കോളജ്, പാലക്കാട് ചെർപ്പുളശ്ശേരി കേരള, പാലക്കാട് വാണിയംകുളം പി.കെ. ദാസ്, എസ്.ആർ. വർക്കല, അൽ അസ്ഹർ തൊടുപുഴ, മൗണ്ട് സിയോൻ അടൂർ, ഡി.എം. വയനാട് എന്നിവയിൽ പ്രവേശനവും കെ.എം.സി.ടി കോഴിക്കോട്, സി.എസ്.ഐ കരക്കോണം എന്നിവയിൽ സീറ്റ് വർധനവും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ തടഞ്ഞിരുന്നു. ഈ കോളജുകളിലെല്ലാം ചേർന്ന് 1,000 സീറ്റിലാണ് മെഡിക്കൽ കൗൺസിലിെൻറ ഇടപെടൽ ഉണ്ടായത്. ഇതിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജ് ഹൈകോടതിയെ സമീപിച്ച് പ്രവേശനത്തിന് അനുമതി വാങ്ങി. സ്വാശ്രയ കോളജുകളും കോടതിയെ സമീപിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ പ്രവേശനം വിലക്കിയ ചില കോളജുകളിൽ ആരോഗ്യ സർവകലാശാല പ്രവേശനത്തിന് തടസ്സം പറഞ്ഞിട്ടില്ല. മറിച്ച്, സർവകലാശാല പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട ചില കോളജുകൾ മെഡിക്കൽ കൗൺസിലിെൻറ വിലക്ക് പട്ടികയിലുമില്ല. അതിലുപരി, സർവകലാശാല പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ടത് ഉൾപ്പെടെയുള്ള മെഡിക്കൽ കോളജുകൾ പ്രവേശന പരീക്ഷ കമീഷണർ പ്രവേശനത്തിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.