മെഡിക്കൽ കോളജ് ആക്രമണം: പൊലീസിനെതിരെ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലിസ് നിരപരാധികളെ വേട്ടയാടുകയാണെന്ന പരാതിയുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും. ഡി.വൈ.എഫ്.ഐ ജില്ലകമ്മിറ്റിയും സി.പി.എം ടൗൺ ഏരിയ കമ്മിറ്റിയുമാണ് പൊലീസിനെതിരെ രംഗത്ത് വന്നത്.
മെഡി. കോളജിലെ താൽകാലിക സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിയാണെന്ന് ആരോപിക്കുന്നവരുടെയും നിരപരാധികളുടെയും വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറി നിരന്തരം പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ഡി.വൈ.എഫ് ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പൂർണ ഗർഭിണിയെ കഴിഞ്ഞ ദിവസം കുടുംബശ്രീ ഹോട്ടലിൽവച്ച് പൊലീസ് പരസ്യമായി ഭീഷണിപ്പെടുത്തി അപമാനിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി പി. സി. ഷൈജു വാർത്ത കുറിപ്പിൽ അറിയിച്ചു.
മെഡി. കോളജിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നാണ് സി.പി. എം ടൗൺ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടത്. കേസിൽ പ്രതികളാക്കപ്പെട്ടവരിൽ അഞ്ചുപേർ ഇതിനോടകം പൊലീസിൽ ഹാജരായി റിമാൻഡിലാണ്. ഇനിയും രണ്ടുപേർ കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനെന്ന പേരിൽ പൊലീസ് വീടുകളിലും സ്ഥാപനങ്ങളിലും കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടിയിൽ ടൗൺ ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നതായും സി.പി.എം വാർത്തകുറിപ്പിൽ അറിയിച്ചു.
ഡി.വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ കെ. അരുൺ ഉൾപെട്ട കേസിൽ ഡി.വൈ. എഫ്.ഐയും സി.പി.എമ്മും ആദ്യമായി നടത്തിയ പ്രതികരണമാണിത്. ആഗസ്റ്റ് 31നായിരുന്നു ഡി.വെ.എഫ്.ഐ സംഘം മെഡി. കോളജ് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരെ മൃഗീയമായി മർദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.