മെഡി. കോളജിലെ ആക്രമണം; ഡി.വൈ.എഫ്.ഐ നേതാവ് ആരോഗ്യവകുപ്പ് ജീവനക്കാരൻ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് സുരക്ഷാജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതി ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ.
ഡി.വൈ.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗവുമായ കെ. അരുണാണ് ആരോഗ്യവകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്നത്.
കേരള മെഡിക്കൽ സർവിസ് കോർപറേഷന്റെ നടുവണ്ണൂർ കരുവണ്ണൂരിലുള്ള ജില്ല മരുന്ന് സംഭരണകേന്ദ്രത്തിലെ പാക്കിങ് വിഭാഗത്തിൽ താൽക്കാലിക ജോലിചെയ്യുന്നയാളാണിയാൾ. ഇയാൾ കുറെ കാലമായി ജോലിക്ക് വരുന്നില്ലത്രെ. എന്നാലിയാളെ പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുമില്ല.
മെഡിക്കൽ സർവിസ് കോർപറേഷന്റെ തിരുവനന്തപുരത്തുള്ള ഓഫിസാണ് നിയമനവും മറ്റുകാര്യങ്ങളുമെല്ലാം തീരുമാനിക്കുന്നത് എന്നാണ് മരുന്നുസംഭരണകേന്ദ്രം അധികൃതർ പറയുന്നത്.
ആരോഗ്യവകുപ്പിലെ താൽക്കാലിക ജീവനക്കാരനാണ് ആരോഗ്യമേഖലയിലെ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ജീവനക്കാരെ ആക്രമിച്ചതെന്ന് പുറത്തുവന്നതോടെ ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് നിലപാട് വ്യക്തമാക്കണമെന്നാണ് വിവിധ കോണുകളിൽനിന്നുയരുന്ന ആവശ്യം. മെഡിക്കൽ കോളജിൽ ആക്രമണത്തിനിരയായ സുരക്ഷാജീവനക്കാരുടെ വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡി.വൈ.എഫ്.എ ജില്ല, സംസ്ഥാന നേതൃത്വവും സി.പി.എമ്മും വിഷയത്തിൽ പ്രതികരിക്കുകയോ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച് കേസെടുക്കണം -കലക്ടർ
കോഴിക്കോട്: സുരക്ഷ ജീവനക്കാർക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം അപലപിച്ചു. കുറ്റക്കാർക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്താൻ എല്ലാ വകുപ്പുകളും ചേർത്ത് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് കേസെടുക്കണമെന്ന് ജില്ല കലക്ടർ പറഞ്ഞു. സംഭവത്തെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളടങ്ങുന്ന സമിതി ഐകകണ്ഠ്യേന അപലപിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മെഡി. കോളജ് ആശുപത്രി സന്ദർശക ഗേറ്റിൽ സുരക്ഷ ജോലിയിലേർപ്പെട്ട മൂന്ന് ജീവനക്കാരെ ഡി.വൈ.എഫ്.ഐ സംഘം മൃഗീയമായി ആക്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ ദിനേശൻ നരിക്കുനിക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിൽ ഏഴുപേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ഐ.പി.സി 307 പ്രകാരം കേസെടുക്കണമെന്ന് സമിതിയിലെ യു.ഡി.എഫ് അംഗം എം.എ. റസാഖ് മാസ്റ്റർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.