കണ്ണൂർ, കരുണ മെഡിക്കൽ ബിൽ: പ്രതിപക്ഷത്തെ വിമർശിച്ച് വി.എം. സുധീരൻ
text_fieldsകോഴിക്കോട്: സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 2016-17 വര്‍ഷത്തെ വിദ്യാർഥി പ്രവേശനം ക്രമവത്കരിക്കാനുള്ള ഇടത് സർക്കാർ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ച കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വിമർശിച്ച് വി.എം സുധീരൻ രംഗത്ത്. നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടതെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. നിയമവിരുദ്ധ കാര്യങ്ങൾക്ക് വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. എന്നാൽ, സർവ്വ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.
കൊള്ളലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതിൽ പങ്കാളിയായ പ്രതിപക്ഷ നടപടി സ്വയം വഞ്ചിക്കുന്നതായി.
സ്വാശ്രയ കൊള്ളക്കാർക്കെതിരെ യൂത്ത് കോൺഗ്രസും യു.ഡി.എഫ് എം.എൽ.എമാരും നടത്തിയ സമരത്തെ ഇതോടെ നിരർത്ഥകമാക്കിയിരിക്കുകയാണ്. വിദ്യാർഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.
നിയമവിരുദ്ധ കാര്യങ്ങൾക്ക് വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.