മെഡി. കോളജിലെ ഡി.വൈ.എഫ്.ഐ ആക്രമണം; പ്രതികളിൽ രണ്ടു പേർ ഒളിവിൽ; കീഴടങ്ങിയവർ ജയിലിൽ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ച കേസിൽ പിടിയിലാവാനുള്ളത് രണ്ടു പ്രതികൾ. ഇരിങ്ങാടൻപള്ളി സ്വദേശി പി.എസ്. നിഖിൽ, കോവൂർ സ്വദേശി കെ. ജിതിൻ ലാൽ എന്നിവരാണ് അറസ്റ്റിലാവാനുള്ളത്. ഇരുവരും ഒളിവിലാണെന്നാണ് കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് പറയുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കോവൂർ സ്വദേശി കരിങ്ങുമ്മൽ കെ. അരുൺ (ഉണ്ണി -34), പ്രാദേശിക നേതാക്കളായ ഇരിങ്ങാടൻപള്ളി ആങ്ങോളിനിലം എ.കെ. അഷിൻ (24), ഗുരുവായൂരപ്പൻ കോളജ് പൊയ്യേരി പുതുക്കിടി ശ്രീനിലയത്തിൽ കെ. രാജേഷ് (43), മായനാട് ഇയ്യക്കാട്ടിൽ പി.കെ.എം. മുഹമ്മദ് ഷബീർ (33), കോവൂർ മഠത്തിൽ വീട്ടിൽ എം. സജിൻ (20) എന്നിവരാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിനുപിന്നാലെ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ പ്രതികളെ പ്രാഥമികമായി പൊലീസ് ചോദ്യംചെയ്തു. ഇവരെ കേസിലെ പരാതിക്കാർ തിരിച്ചറിയുകയും ചെയ്തു.
അക്രമസംഭവത്തിൽ 16 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് ഏഴുപേരെ പ്രതിചേർക്കുകയായിരുന്നു. രാഷ്ട്രീയ സമ്മർദമുണ്ടായതോടെ പൊലീസ് തന്നെ അറസ്റ്റ് വൈകിപ്പിച്ചു. ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽപോലും മെല്ലെപ്പോക്ക് തുടർന്ന പൊലീസ് മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന് വലിയ ചർച്ചയായതോടെയാണ് നടപടി സ്വീകരിച്ചത്. അതേസമയം, കേസെടുത്ത പൊലീസ് പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് അക്രമത്തിൽ പരിക്കേറ്റ സുരക്ഷ ജീവനക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ അനാസ്ഥ തുടരുന്നതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാർ ഹൈകോടതിയെ സമീപിച്ചതിനുപിന്നാലെ കേസ് ജില്ല പൊലീസ് മേധാവി എ. അക്ബറിന്റെ കീഴിലുള്ള ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള നീക്കവുമുണ്ട്. അതേസമയം, കേസിലെ ഒന്നാം പ്രതി അരുണിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തെളിഞ്ഞു. ഇനി തടഞ്ഞുവെച്ചു എന്ന പരാതി മാത്രമേ സുരക്ഷജീവനക്കാർക്കെതിരെ നിലവിലുള്ളൂ.
ആഗസ്റ്റ് 31ന് രാവിലെ ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് മുഖ്യ കവാടത്തിൽ സുരക്ഷ ജീവനക്കാരെയും ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയ 'മാധ്യമം' സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെയും കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.