മെഡിക്കൽ കോളജ് ആശുപത്രികൾ നിറയുന്നു, മറ്റു രോഗികൾ പുറത്ത്; ഗുരുതര സാഹചര്യമെന്ന് ആരോഗ്യ വിദഗ്ധർ
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ അശാസ്ത്രീയ ആരോഗ്യ സംവിധാനം മെഡിക്കൽ കോളജ് ആശുപത്രികളെ പ്രതിസന്ധിയിലാക്കി. നിസ്സാര കോവിഡ് കേസുകൾ പോലും മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്നതോടെ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കും കോവിഡ് ഇതര രോഗികൾക്കും മതിയായ ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് മെഡിക്കൽ കോളജുകൾ.
കോവിഡിെൻറ ഒന്നാംഘട്ടത്തിൽതന്നെ ആരോഗ്യ വിദഗ്ധർ ചികിത്സ സംവിധാനം വികേന്ദ്രീകരിക്കേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പി.എച്ച്.സികളിലും സി.എച്ച്.സികളിലും മതിയായ ചികിത്സ സംവിധാനം ഒരുക്കാത്തതും നിസ്സാര കേസുകൾ പോലും മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്നതുമാണ് പ്രശ്നം സങ്കീർണമാക്കുന്നത്. മലബാറിലെ മുഴുവൻ രോഗികളും ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിെൻറ കാര്യമാണ് ഏറെ പരിതാപകരം.
പകർച്ചവ്യാധി നേരിടുന്ന രീതിയിലല്ല ഇപ്പോൾ കോവിഡിനെ സമീപിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓക്സിജൻ നിലയിൽ ചെറിയ വ്യതിയാനം വരുേമ്പാഴേക്കും രോഗികൾ മെഡിക്കൽ കോളജിൽ എത്തുകയാണ്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ഞൂറിലധികം കോവിഡ് രോഗികളുള്ളതിൽ 10 ശതമാനത്തിന് മാത്രമാണ് ഐ.സി.യു ശ്രദ്ധ ആവശ്യമുള്ളത്.
ബാക്കിയുള്ളവർക്ക് മറ്റു കേന്ദ്രങ്ങളിൽതന്നെ ചികിത്സ ഒരുക്കിയാൽ തിരക്ക് കുറക്കാനാകും. ഗുരുതരാവസ്ഥയിൽ കഴിയുന്ന കോവിഡ് ഇതര രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗത്തിൽ 13 വാർഡുകൾ മറ്റു രോഗികളാൽ നിറഞ്ഞിരുന്നു.
ഇതിൽ നാല് വാർഡുകൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. മറ്റു വാർഡുകളെല്ലാം കോവിഡ് വാർഡുകളാക്കിയതോടെ അതീവ ശ്രദ്ധകൊടുക്കേണ്ട മറ്റു രോഗികളെ ഡിസ്ചാർജ് ചെയ്യുകയും മറ്റു വാർഡുകളിലേക്ക് മാറ്റുകയും ചെയ്തു. വരാന്തകളടക്കം നിറഞ്ഞതോടെ മെഡിക്കൽ കോളജിനകത്തുതന്നെ കോവിഡ് വ്യാപനം ഉണ്ടാകുന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.