മെഡിക്കൽ കോളജ് ഹോസ്റ്റൽ: ആൺ, പെൺ വ്യത്യാസമില്ലാതെ ഉത്തരവിറക്കിയെന്ന് സർക്കാർ
text_fieldsകൊച്ചി: മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ നിയന്ത്രണങ്ങൾ ബാധകമാക്കി പുതിയ ഉത്തരവിറക്കിയെന്ന് സർക്കാർ ഹൈകോടതിയിൽ.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യംചെയ്യുന്ന ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. രാത്രി 9.30ന് ശേഷം പുറത്തുപോകുന്നത് വിലക്കിയ ഉത്തരവിനെതിരെ അഞ്ച് വിദ്യാർഥിനികൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയിലുള്ളത്. തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
ആൺ, പെൺ ഭേദമില്ലാതെ നിയമം ബാധകമാക്കി ഉത്തരവിറക്കിയ നടപടി ശരിയായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവ് പരിശോധിച്ച് നിലപാട് അറിയിക്കാൻ വനിത കമീഷനോട് നിർദേശിച്ചു.
പുതിയ ഉത്തരവിൽ രാത്രി 9.30വരെ ഹോസ്റ്റൽ പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും പുറത്തുപോകുന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഈ വിഷയം ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.