മെഡിക്കൽ കോളജ് ഐ.സി.യു പീഡനം: അനിതക്കെതിരെ സർക്കാർ കോടതിയിലേക്ക്
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അധികൃതര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പി.ബി. അനിതക്കെതിരെ പുനഃപരിശോധന ഹരജിയുമായി സർക്കാർ കോടതിയെ സമീപിക്കുമെന്ന് സൂചന. ഹൈകോടതി വിധി ഉണ്ടായിട്ടും പുനർനിയമനം നൽകാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് അനിത ഹൈകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സർക്കാർ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ വാക്കുകൾ നൽകുന്ന സൂചന. അനിതക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് മന്ത്രി പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
അതേസമയം, തനിക്കെതിരെ അധികൃതർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അഞ്ചാം ദിവസവും ഉപവാസ സമരം തുടരുന്ന പി.ബി. അനിത പ്രതികരിച്ചു. ജോലിയിൽ പ്രവേശിപ്പിക്കാത്തത് രാഷ്ട്രീയ പ്രേരിതമാണ്. ഒരു എൻ.ജി.ഒ യൂനിയൻ നേതാവിന്റെ പകപോക്കലാണ് ഇത്.
വാർഡിൽ എത്തുന്ന രോഗിക്ക് വേണ്ട സംരക്ഷണവും സുരക്ഷയും ഒരുക്കുകയെന്നത് തന്റെ ജോലിയാണ്. അതിന്‍റെ ഭാഗമായാണ് അതിജീവിതയെ സംരക്ഷിച്ചതെന്നും അനിത പറഞ്ഞു.ഹൈകോടതി ഉത്തരവുണ്ടെങ്കിലും അനിതയെ സ്ഥലംമാറ്റിയത് സർക്കാർ ആയതിനാൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ പുനർനിയമനം നൽകാൻ കഴിയൂ എന്നാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ നിലപാട്. ഇതിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അനിത. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുക.
നിലവിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും അവധിയിലാണ്. ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന പി.ബി. അനിതയോട് പുനര്‍നിയമനം സംബന്ധിച്ച്, ഡി.എം.ഇയുടെ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.