ബി.ജെ.പി നേതാക്കളുടെ കോഴയിടപാട് മോദിക്ക് അപമാനം -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നേടി കൊടുക്കാൻ നേതാക്കൾ കോഴ വാങ്ങിയ സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോഴയിടപാട് മോദിക്ക് അപമാനമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി നേതാക്കൾ അഴിമതിയിൽ മുങ്ങുമ്പോൾ നാറുന്നത് മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയോട് നീതിയോ മര്യാദയോ കേരളത്തിലെ നേതൃത്വം കാണിച്ചില്ല. കോടികൾ മറിഞ്ഞെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. സംസ്ഥാനത്തെ ബി.ജെ.പിയിൽ വലിയ കളികളാണ് നടക്കുന്നത്. സ്വന്തം താൽപര്യം സംരക്ഷിക്കാനാണ് പലരും ശ്രമിക്കുന്നത്. നേതാക്കൾ തമ്മിലുള്ള കിടമൽസരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
നിരവധി പേർ പണം വാങ്ങിച്ചിട്ടുണ്ട്. പണം കിട്ടാത്തവർ ചാരപ്രവർത്തനം നടത്തി വിവരങ്ങൾ പുറത്തുവിടുന്നു. മോദിയും അമിത് ഷായും കേരള ഘടകത്തെ അഴിച്ചുപണിത് ശുദ്ധീകരിക്കണം. ഇല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി മുളക്കുകയോ വളരുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴ വിഷയത്തിൽ മോദി ഇടപെടേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ ബി.ജെ.പി നേതാക്കൾ ചില ഉപജാപങ്ങളെ കേന്ദ്രത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മോദിക്കോ അമിത് ഷാക്കോ അറിവുണ്ടായിരിക്കില്ല. പാർട്ടി വളരണമെന്ന് നേതാക്കൾക്കും താൽപര്യമില്ല. പിന്നാക്ക ആഭിമുഖ്യമുള്ള പാർട്ടിയെ സൃഷ്ടിക്കാതെ കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്നും വെള്ളിപ്പാള്ളി കൂട്ടിച്ചേർത്തു.
ബി.ഡി.ജെ.എസ് ഘടകക്ഷിയാണെന്ന് പറഞ്ഞ് പിറകെ നടക്കുന്നതല്ലാതെ ബി.ജെ.പി അവരെ അംഗീകരിച്ചിട്ടില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമാണെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ഘടകകക്ഷിയെ ഉൾപ്പെടുത്തി ഒരു പ്രക്ഷോഭവും ബി.ജെ.പി നേതാക്കൾ നടത്തുന്നില്ല. ഞാനും വേലനും മതിയെന്ന് സംസ്ഥാനത്തെ ബി.ജെ.പിക്കാരുടെ നിലപാട്. ഇത്തരത്തിൽ ബി.ഡി.ജെ.എസ് ഘടകകക്ഷിയായി തുടരുന്നതിൽ ഒരു കാര്യവും രാഷ്ട്രീയ നേട്ടവുമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.