മെഡിക്കൽ കോളജ് സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും മർദിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പെടെ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തങ്ങൾ ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവമല്ലെന്നും ബോധിപ്പിച്ചു. എന്നാൽ, തനിക്ക് നേരെ പോലും വധഭീഷണിയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷക ബബില അറിയിച്ചു.
അരുണിന് പുറമെ, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ എം.കെ അശ്വിൻ, കെ. രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. പ്രതികൾക്കെതിരെ പൊതുസേവകരെ ഗുരുതരമായി പരിക്കേൽപ്പിക്കൽ വകുപ്പ് കൂടി ചേർത്ത് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം, പൊലീസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തുമെന്ന് സി.പി.എമ്മും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഗസ്റ്റ് 31നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് സുരക്ഷ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതികളെ സുരക്ഷ ജീവനക്കാർ തടഞ്ഞതിന്റെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. ഇവർ മടങ്ങിപ്പോയതിനു പിന്നാലെ എത്തിയ സംഘം സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച 'മാധ്യമം' ലേഖകൻ പി. ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.