മെഡി. കോളജിലെ ആക്രമണം: അഞ്ച് ഡി.വൈ.എഫ്.ഐക്കാർ കീഴടങ്ങി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐക്കാരായ അഞ്ചു പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഒന്നാംപ്രതി ഡി.വൈ.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗവുമായ കെ. അരുൺ അടക്കമുള്ളവരാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. ജില്ല സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ പ്രതികൾ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളോടൊപ്പമെത്തി നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കോവൂർ സ്വദേശി കരിങ്ങുമ്മൽ കെ. അരുണിനെ (ഉണ്ണി-34) കൂടാതെ പ്രാദേശിക നേതാക്കളായ ഇരിങ്ങാടൻപള്ളി ആങ്ങോളിനിലം എ.കെ. അശ്വിൻ (24), ഗുരുവായൂരപ്പൻ കോളജ് പൊയ്യേരി പുതുക്കുടി 'ശ്രീനിലയ'ത്തിൽ കെ. രാജേഷ് (43), മായനാട് ഇയ്യക്കാട്ടിൽ പി.കെ.എം. മുഹമ്മദ് ഷബീർ (33), കോവൂർ മഠത്തിൽ വീട്ടിൽ എം. സജിൻ (20) എന്നിവരാണ് കീഴടങ്ങിയത്.
കേസിന്റെ തുടക്കംമുതൽ പ്രതികൾക്കുവേണ്ടി ഒത്തുകളിച്ച പൊലീസ് കീഴടങ്ങൽ മാധ്യമങ്ങളറിയാതിരിക്കാൻ അവസാനവട്ടവും ഒത്തുകളി തുടർന്നു. കീഴടങ്ങുന്നത് എവിടെയാണെന്നറിയിക്കാതെ ആശയക്കുഴപ്പമുണ്ടാക്കിയ പൊലീസ്, നടക്കാവ് സ്റ്റേഷനിലെത്തിയ പ്രതികളെ പൊടുന്നനെ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയാണ് റിമാൻഡ് ചെയ്തത്.
ആഗസ്റ്റ് 31ന് രാവിലെ ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് ആശുപത്രി മുഖ്യകവാടത്തിൽ ശ്രീലേഷ്, രവീന്ദ്ര പണിക്കർ, ദിനേശൻ എന്നീ സുരക്ഷാജീവനക്കാരെയും ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയ 'മാധ്യമം' സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെയും കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. രാവിലെ മെഡിക്കൽ കോളജിലെത്തിയ അരുണിനെയും ഭാര്യയെയും അകത്തേക്ക് കടത്തിവിടുന്നതിനെതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പിന്നീട് ഇയാൾ ആളുകളെ കൂട്ടിവന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുരക്ഷാജീവനക്കാരെ ചവിട്ടിവീഴ്ത്തുകയും നെഞ്ചിനടക്കം ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഇതിന്റെ ദൃശ്യം പകർത്തവെയാണ് ഷംസുദ്ദീനെ മർദിച്ചത്. പരിക്കേറ്റ സുരക്ഷാജീവനക്കാരിൽ ദിനേശൻ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. മർദനമേറ്റ സുരക്ഷാജീവനക്കാർ പരാതി നൽകിയതോടെ സ്ത്രീയെ അപമാനിച്ചെന്ന് കാട്ടി ഇവർക്കെതിരെയും പരാതിയുണ്ടായി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിന്റെ ആക്രമണത്തിന് ശക്തമായ തെളിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.