'ആണധികാര വ്യവസ്ഥയുടെ ഭാഗം'; വിദ്യാർഥിനികളുടെ ഹോസ്റ്റൽ നിയന്ത്രണത്തിനെതിരെ ഹൈകോടതി
text_fieldsകൊച്ചി: വിദ്യാർഥിനികൾക്ക് ഹോസ്റ്റലുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ആണധികാര വ്യവസ്ഥയുടെ ഭാഗമെന്ന് ഹൈകോടതി. സുരക്ഷയുടെ പേരിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന നടപടിയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവനുസരിച്ച് രാത്രി ഒമ്പതരക്ക് ശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നത് വിലക്കിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സുരക്ഷയുടെ പേരിൽ പെൺകുട്ടികൾ രാത്രി കാമ്പസിൽ പോലും ഇറങ്ങരുതെന്ന് എന്തടിസ്ഥാനത്തിലാണ് ഉത്തരവിറക്കുന്നത്. കാമ്പസിൽ പോലും പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാറിനാവില്ലേ? അവർ കൊച്ചു കുട്ടികളൊന്നുമല്ല. പ്രധാനമന്ത്രിയെവരെ തെരഞ്ഞെടുക്കാൻ പ്രാപ്തിയുള്ള പൗരന്മാരാണ്.
രാത്രി ഒമ്പതര കഴിഞ്ഞാലേ അക്രമമുണ്ടാകൂ എന്നുണ്ടോ? ഹോസ്റ്റൽ എന്ന് പറഞ്ഞാൽ ജയിലാണോ? പൂട്ടിയിടേണ്ടത് അക്രമികളെയാണ്, വിദ്യാർഥിനികളെയല്ല. വിദ്യാർഥിനികളുടെ കഴിവിനെ കുറച്ച് കാണരുത്. അവർ സ്വയം സംരക്ഷിക്കാൻ പ്രാപ്തരാണെന്നും കോടതി വാക്കാൽ പറഞ്ഞു. സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങളും ലിംഗ വിവേചനവും പാടില്ലെന്ന് യു.ജി.സി നിർദേശമുണ്ടായിട്ടും വിദ്യാർഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് കോടതി സർക്കാറിനോട് നിർദേശിച്ചു.
സംസ്ഥാന വനിത കമീഷന്‍റെ അഭിപ്രായവും തേടിയ കോടതി ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.