മെഡിക്കൽ പ്രവേശം: കേരളത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ‘നീറ്റ്’ നിയമത്തിന് വിരുദ്ധമായി കേരളത്തില്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ സ്വന്തം നിലക്ക് നടത്തിയ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശം റദ്ദാക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, കേരളത്തിലെ സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് നേരിട്ട് കൗണ്‍സലിങ് നടത്താന്‍ കേരള ഹൈകോടതി നല്‍കിയ അനുമതി റദ്ദാക്കിയ ജസ്റ്റിസുമാരായ എ.കെ. സിക്രി, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് മേലില്‍ ഇതാവര്‍ത്തിക്കുന്നതിനുള്ള വഴിയടക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കല്‍പിത സര്‍വകലാശാലകള്‍ നടത്തിയ ഒന്നാം ഘട്ട കൗണ്‍സലിങ് റദ്ദാക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ആവശ്യം തള്ളിയ ബെഞ്ച് തുടര്‍ന്നുള്ള ഘട്ടം കൗണ്‍സലിങ് നടത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താന്‍ കഴിഞ്ഞമാസം 26നാണ് ഹൈകോടതി അനുമതി നല്‍കിയത്. ഇതിന്‍െറ ചുവടുപിടിച്ച് മഹാരാഷ്ട്രയിലെ കല്‍പിത സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താന്‍ ബോംബെ ഹൈകോടതിയും അനുമതി നല്‍കി. സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്തിയ അമൃത കല്‍പിത സര്‍വകലാശാലയുടെ നടപടി റദ്ദാക്കണമെന്ന കേരളത്തിന്‍െറ ആവശ്യവും പ്രവേശം പൂര്‍ത്തിയായെന്ന കാരണത്താല്‍ സുപ്രീംകോടതി തള്ളി.
സ്വകാര്യ മാനേജ്മെന്‍റുകളുമായി ധാരണയിലത്തെിയ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതി ഉത്തരവിനെ ചോദ്യംചെയ്യാതിരുന്നത് മാനേജ്മെന്‍റുകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഹൈകോടതി സ്റ്റേ ചെയ്തത് കേരള സര്‍ക്കാര്‍ തീരുമാനമാണെന്നും അതിനാല്‍, അപ്പീലുമായി വരേണ്ടത് അവരായിരുന്നുവെന്നും മാനേജ്മെന്‍റുകള്‍ വാദിച്ചു. അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ 20 കോളജുകളുമായി കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്ന് അവര്‍ കോടതിയെ അറിയിച്ചു. ഈ അധ്യയന വര്‍ഷത്തെ മുഴുവന്‍ പ്രവേശവും പൂര്‍ത്തിയായതായും മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയില്ല.
പ്രവേശത്തിനായി ഏകീകൃത കൗണ്‍സലിങ് വേണമെന്നും നീറ്റ് പരീക്ഷക്കായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമം ഭേദഗതിയിലുണ്ടെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ വാദിച്ചു. അതുകൊണ്ടുതന്നെ കേരള നിയമത്തിലെ ഏകീകൃത കൗണ്‍സലിങ് ചട്ടം റദ്ദാക്കിയിട്ടുണ്ടെന്ന മാനേജ്മെന്‍റുകളുടെ വാദം നിലനില്‍ക്കില്ളെന്നും അദ്ദേഹം ബോധിപ്പിച്ചു. എന്നാല്‍, ക്ളാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനി പ്രവേശ നടപടികളില്‍ ഇടപെടുന്നില്ളെന്ന് ബെഞ്ച് പറഞ്ഞു.
നീറ്റിന്‍െറ ഉദ്ദേശ്യലക്ഷ്യം ഇല്ലാതാക്കുന്നതാണ് ഹൈകോടതി വിധിയെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് പറഞ്ഞ സുപ്രീംകോടതി ഓരോ മാനേജ്മെന്‍റിനും പ്രത്യേകം കൗണ്‍സലിങ് നടത്താമെങ്കില്‍ പിന്നെ നീറ്റ് പരീക്ഷയുടെ ആവശ്യമെന്താണെന്ന് ചോദിക്കുകയും ചെയ്തു. ഏതെങ്കിലും സ്വകാര്യ കോളജില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ പ്രവേശം ഏകീകൃത കൗണ്‍സലിങ്ങിലൂടെ മാത്രമേ നടത്താവൂ എന്നും സുപ്രീംകോടതി കുട്ടിച്ചേര്‍ത്തു. സ്വകാര്യ മാനേജ്മെന്‍റുകള്‍ നടത്തിയ കൗണ്‍സലിങ് നിയമപരമായി നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച കേസ് ഹൈകോടതിയിലാണെന്നും അതിലിടപെടാനാവില്ളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയോട് സുപ്രീംകോടതി
- നീറ്റ് പട്ടികയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രവേശനടപടി നടത്തുന്നതിന് മഹാരാഷ്ട്ര ഹൈകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ റദ്ദാക്കിയ സുപ്രീംകോടതി വരും വര്‍ഷങ്ങളിലും അത്തരമൊരു സ്റ്റേ നിലനില്‍ക്കില്ളെന്ന് വ്യക്തമാക്കി.
- ഇതിനകം നിലവിലുള്ള കല്‍പിത സര്‍വകലാശാലകള്‍ പൂര്‍ത്തിയാക്കിയ പ്രവേശനടപടികളെയോ, പ്രവേശം നേടിയ വിദ്യാര്‍ഥികളെയോ ഇത് ബാധിക്കില്ല.
- മഹാരാഷ്ട്രയിലെ കല്‍പിത സര്‍വകലാശാലകള്‍ ഇനി നടത്താനിരിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും കൗണ്‍സലിങ് സംസ്ഥാന സര്‍ക്കാറും കല്‍പിത സര്‍വകലാശാല പ്രതിനിധിയും ചേര്‍ന്നുള്ള സംയുക്ത സമിതി നടത്തണം. കല്‍പിത സര്‍വകലാശാലയിലും സംസ്ഥാന സര്‍ക്കാറിലും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടിക ഇതിനായി തയാറാക്കണം. കല്‍പിത സര്‍വകലാശാലകളില്‍ പ്രവേശത്തിന് താല്‍പര്യമുള്ളവരാണ് പട്ടികയിലുള്ള വിദ്യാര്‍ഥികളെന്ന് ഉറപ്പുവരുത്തണം.
- സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന കൗണ്‍സലിങ്ങിനായി എല്ലാ പ്രവേശ രേഖകളും കല്‍പിത സര്‍വകലാശാലകള്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറണം.
- പ്രവേശം സെപ്റ്റംബര്‍ 30നകം തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ മഹാരാഷ്ട്രയിലെ പ്രവേശ പ്രക്രിയക്ക് ഒക്ടോബര്‍ ഏഴുവരെ സമയം നല്‍കും.
- ഒരു സീറ്റും ബാക്കിയാകാത്ത തരത്തില്‍ പ്രവേശം പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന സര്‍ക്കാറും കല്‍പിത സര്‍വകലാശാലകളും ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.