വൈദ്യോപകരണ നിർമാണ രംഗത്തേക്ക് ചുവടുവെച്ച് ഒറ്റപ്പാലം
text_fieldsഒറ്റപ്പാലം: ആഗോള ഗുണനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിനായി ഒറ്റപ്പാലത്ത് വൻ പദ്ധതി വരുന്നു. പ്രതിരോധ മേഖലക്കായി ഉപകരണങ്ങൾ നിർമിക്കുന്ന രാജ്യത്തെ ആദ്യപാർക്ക് എന്ന് വിശേഷിപ്പിക്കുന്ന ലക്കിടി കിൻഫ്ര ഡിഫൻസ് പാർക്കിലാണ് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണ യൂനിറ്റ് ഒരുങ്ങുന്നത്.
കേരള സംസ്ഥാന വ്യവസായ വികസന കോപറേഷന്‍റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രീൻ വെയിൻ ഹെൽത്ത് കെയർ കമ്പനിയുടെ ഉടമസ്ഥതയിലാണ് യൂനിറ്റ്. ഇതിന്‍റെ ഭാഗമായ കോർപറേറ്റ് ഓഫിസിന്‍റെ ഉദ്‌ഘാടനം ഞായറാഴ്ച രാവിലെ 9.30ന് വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കുമെന്ന് കമ്പനി പ്രമോട്ടർമാരായ മനോജ് കാർത്തികേയൻ, ജസ്റ്റിൻ ജോസ് എന്നിവർ അറിയിച്ചു. ജപ്പാനിൽ നിന്നുള്ള നിക്ഷേപം ഉൾപ്പെടെ 60 കോടി രൂപയാണ് ഇതിനുള്ള മുതൽ മുടക്ക്.
ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ഉൽപാദന യൂനിറ്റുകളാണ് ലക്ഷ്യമിടുന്നത്. രണ്ട് യൂനിറ്റുകളിലായി നാല് ഫാക്ടറികളാണ് സജ്ജീകരിക്കുക. ഇതിൽ 50,000 ചതുരശ്ര അടിയുടെ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. കിൻഫ്ര ഡിഫൻസ് പാർക്ക് അനുവദിച്ച രണ്ടര ഏക്കർ ഭൂമിയിലാണ് കെട്ടിട നിർമാണം പുരോഗമിക്കുന്നത്.
ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത പുനരുപയോഗം സാധ്യമല്ലാത്ത സിറിഞ്ചുകൾ, നീഡിൽ, പ്രമേഹ പരിചരണ ഉപകരണങ്ങൾ, ക്യാനുല, ബ്ലഡ് വാക്വം ട്യൂബുകൾ എന്നിവയാണ് ഇവിടെ നിർമിക്കുക. പ്രതിവർഷം 20 കോടി മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന യൂനിറ്റുകളിൽ പ്രത്യക്ഷമായി 400 പേർക്ക് തൊഴിൽ ലഭ്യമാകും. 50 ശതമാനം ഉൽപന്നങ്ങളും കയറ്റുമതി ലക്ഷ്യമിട്ടുള്ളതാണ്.
2023 മെയിൽ യൂനിറ്റുകളുടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഇത്തരം നിർമാണ യൂനിറ്റ് കേരളത്തിൽ ആദ്യത്തേതാണെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.