ലഹരി കേസുകളിലെ വൈദ്യപരിശോധന: പൊലീസ് വരുത്തുന്ന വീഴ്ച പ്രതികൾക്ക് സഹായകമാകുന്നു
text_fieldsതിരുവനന്തപുരം: ലഹരി കേസുകളിലെ വൈദ്യ പരിശോധനയിൽ പൊലീസ് വരുത്തുന്ന വീഴ്ച പ്രതികൾക്ക് സഹായകമാകുന്നു. മദ്യപന്മാരെ കുരുക്കാൻ അവലംബിക്കുന്ന രക്ത പരിശോധന എന്ന പരമ്പരാഗത രീതിയാണ് കഞ്ചാവ്, രാസലഹരി തുടങ്ങിയ മയക്കുമരുന്ന് കേസുകളിലും പൊലീസ് ഇപ്പോഴും പിന്തുടരുന്നത്. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്ത പരിശോധനക്ക് പുറമെ മുടി, വിയർപ്പ്, മൂത്രം എന്നിവ പരിശോധിക്കണമെന്നാണ് സുപ്രീകോടതി നിർദേശം. എന്നാൽ, അന്വേഷണ സംഘം ഇതിന് തുനിയാതെ, പതിവ് രക്ത പരിശോധനയിൽ ഒതുക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. രക്തത്തിലെ ലഹരിയുടെ സാന്നിധ്യം രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ നിലനിൽക്കൂവെന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ, മുടി, വിയർപ്പ്, മൂത്രം എന്നിവയിലെ ലഹരി അംശം അഞ്ചു ദിവസംവരെ നിലനിൽക്കും.
വൈദ്യപരിശോധനയിൽ എക്സൈസിന് പറ്റിയ വീഴ്ചയാണ് ആലപ്പുഴയിൽ യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവിനെതിരായ ലഹരി കേസ് തള്ളിപ്പോകാനുള്ള പ്രധാന കാരണം.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കേസിലും സമാന അലംഭാവമാണ് പൊലീസ് കാണിച്ചത്. പ്രമുഖരുൾപ്പെട്ട ലഹരി കേസുകളിലെല്ലാം പൊലീസും എക്സൈസും അവലംബിക്കുന്ന രീതിയാണിത്. കളമശ്ശേരിയിൽ പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കേസിലും പ്രതികളുടെ വൈദ്യപരിശോധനയിൽ മുടിയോ, വിയർപ്പോ, മൂത്രമോ പരിശോധിച്ചില്ല. കൂടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം എൻ.ഡി.പി.എസ് കേസ് കേസ് രജിസ്റ്റർ ചെയ്യരുതെന്നും ശാസ്ത്രീയ വൈദ്യ പരിശോധന വേണമെന്നുമുള്ള സുപ്രീംകോടതി വിധിയും അന്വേഷണസംഘം അവഗണിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.