അറസ്റ്റിലായവരുടെ വൈദ്യ പരിശോധന: സ്ത്രീകളെ നോക്കേണ്ടത് വനിത ഡോക്ടർമാർ; പുതിയ പ്രോട്ടോകോളിന് അംഗീകാരം
text_fieldsതിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികളുടെയും റിമാൻഡ് തടവുകാരുടെയും വൈദ്യ പരിശോധനക്ക് പുതിയ മെഡിക്കോ-ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിയമവകുപ്പ് നിർദേശിച്ച ഭേദഗതിയോടെയാണ് പുതിയ പ്രോട്ടോകോളിന് രൂപം നൽകിയത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിരവധി ജുഡീഷ്യൽ കമീഷനുകൾ വൈദ്യ പരിശോധനക്ക് പുതിയ പ്രോട്ടോകോൾ വേണമെന്ന് നിർദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. വൈദ്യ പരിശോധന നടത്തുന്നത് സംസ്ഥാന സർവിസിലെയോ കേന്ദ്ര സർവിസിലെയോ ഡോക്ടർമാരാകണം.
അവരുടെ സേവനം ലഭ്യമായില്ലെങ്കിലേ സ്വകാര്യ മേഖലയിൽനിന്നുള്ള രജിസ്ട്രേഡ് ഡോക്ടർമാരുടെ സേവനം ഉപയോഗിക്കാവൂ. സ്ത്രീയെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സേവനത്തിലുള്ള വനിതാ മെഡിക്കൽ ഓഫിസറോ അവരുടെ മേൽനോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാ മെഡിക്കൽ ഓഫിസറെ സമീപിക്കാം.
അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധന റിപ്പോർട്ട് നിർദിഷ്ട മാതൃകയിൽ തയാറാക്കണം. 24 മണിക്കൂറിനകം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ടതിനാൽ ഒ.പി രോഗികൾക്കിടയിൽ കാത്തുനിൽക്കേണ്ട സാഹചര്യമൊഴിവാക്കണം. മുറിവുകളോ അക്രമത്തിന്റെ അടയാളങ്ങളോ ഉണ്ടെങ്കിൽ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയാറാക്കണം.
പൊലീസ് കസ്റ്റഡിയിലിരിക്കെ, പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കിൽ വിവരങ്ങൾ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫിസർ രേഖപ്പെടുത്തണം. നിലവിൽ അസുഖ ബാധിതനാണോ, മുൻകാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം. മുറിവുകൾ കണ്ടെത്താൻ ശരീരത്തിൽ സമഗ്ര പരിശോധന നടത്തണം. പീഡനം സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണം.
ശാരീരിക ബലപ്രയോഗം പോലുള്ള അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങളുണ്ടെങ്കിൽ രേഖപ്പെടുത്തണം. ഗുരുതര പരിക്കെങ്കിൽ ലഭ്യമായ പരിശോധനകൾ കാലതാമസം കൂടാതെ, നടത്താൻ മെഡിക്കൽ ഓഫിസർ ഉത്തരവ് നൽകണം. വൈദ്യപരിശോധന, ക്ലിനിക്കൽ പരിശോധന എന്നിവ സൗജന്യമായി നൽകണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബ് സേവനം തേടാം. തുക എച്ച്.എം.സി ഫണ്ടിൽനിന്ന് കണ്ടെത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.