ചികിത്സാ പിഴവുകൾ ആവർത്തിക്കുന്നു; മഞ്ചേരി മെഡിക്കൽ കോളജിനും വേണം നല്ല 'ചികിത്സ'
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ നിഷേധവും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയും വീണ്ടും ചർച്ചയാകുന്നു. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചെത്തിയ യുവതിക്ക് കോവിഡ് ആശുപത്രിയാണെന്ന പേര് പറഞ്ഞ് വേണ്ടത്ര പരിചരണം ലഭിക്കാതെ ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവമാണ് അവസാനത്തേത്. ലേബർ മുറിയിൽ ജീവനക്കാരുടെ മോശം പെരുമാറ്റവും വീണ്ടും ചർച്ചയായി.
പ്രസവവേദനക്കിടയിലും മാനസികമായി തളർത്തുന്ന ജീവനക്കാരുടെ ശാപം ചൊരിയുന്ന വാക്കുകേട്ട് മഞ്ചേരി മെഡിക്കൽ കോളജിൽ ഇനി ചികിത്സ തേടേണ്ടെന്നുവരെ ആ യുവതിക്ക് ഭർത്താവിനോട് പറയേണ്ടിവന്നു. ജീവനക്കാരുടെ മോശം പെരുമാറ്റത്തെ സംബന്ധിച്ച് നിരവധി തവണ പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെ ഒരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് വസ്തുത.
കഴിഞ്ഞ ദിവസം കോട്ടക്കലിൽനിന്നെത്തിയ കോവിഡ് ബാധിതയായ വയോധികക്ക് വെൻറിലേർ സൗകര്യം ലഭിക്കാതെ മരണത്തിന് കീഴടങ്ങിയെന്ന ആരോപണവും ആശുപത്രിക്കെതിരെ ഉയർന്നു. ഇതിൽ മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തി ജില്ല കലക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗുരുതര വീഴ്ചകൾ സംഭവിച്ചാലും ജീവനക്കാർക്കെതിരെയും ഡോക്ടർമാർക്കെതിരെയും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വള്ളിക്കുന്ന് സ്വദേശിനിക്കും കോവിഡിെൻറ പേരിൽ തെൻറ ആദ്യപ്രസവത്തിലെ രണ്ട് കുട്ടികളെ നഷ്ടമായി. ഗർഭിണിയായ യുവതിക്ക് ആശുപത്രിയിൽ വേണ്ട പരിചരണം ലഭിച്ചില്ലെന്നായിരുന്നു പരാതി.
സെപ്റ്റംബർ 10ന് ആശുപത്രിയിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ച അരീക്കോട് സ്വദേശിയുടെ കുടുംബവും ആശുപത്രിക്കെതിരെ രംഗത്തുവന്നിരുന്നു. വൈകീട്ട് അഞ്ചിന് ആശുപത്രിയിലെത്തിയ മാതാവിനും പിതാവിനും പിറ്റേന്ന് രാവിലെ എട്ടുവരെ കുടിക്കാൻ പോലും വെള്ളം നൽകിയിരുന്നില്ലെന്നും വിവിധ ടെസ്റ്റുകളുടെ പേര് പറഞ്ഞ് പ്രായാധിക്യമുള്ള ഇവരെ ആശുപത്രിയിലൂടെ നടത്തിയെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഇവരോടൊപ്പം ആരെയും കൂട്ടിരിക്കാൻ അനുവദിച്ചില്ലെന്നും മക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.