ചികിത്സാ പിഴവ് പരാതി: ഡോക്ടർമാർക്കുള്ള പരിരക്ഷ നഴ്സുമാർക്കും വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ നഴ്സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കം നടപടികള്‍ വിലക്കി ഹൈകോടതി. ഇക്കാര്യം വ്യക്തമാക്കി മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതുപോലുള്ള പരിരക്ഷ നഴ്സുമാര്‍ക്കും ഉറപ്പാക്കണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിൽ നിര്‍ദേശിച്ചിരിക്കുന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. 10 വയസ്സുകാരിക്ക് ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായെന്ന പേരിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
രോഗീപരിചരണത്തിനായി രാവും പകലും പ്രവർത്തിക്കുന്ന നഴ്സുമാരുടെ സേവനം അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അതിനാല്‍ അവരെ സംരക്ഷിക്കേണ്ടതും ധാര്‍മിക പിന്തുണ നല്‍കേണ്ടതും അനിവാര്യമാണ്. ചികിത്സാ പിഴവെന്ന പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുംമുമ്പ് വിദഗ്ധാഭിപ്രായം തേടണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നഴ്സുമാരുടെ കാര്യത്തിലും ഇതുതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.