വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി. ജീവനക്കാരുടെ അനാസ്ഥ മൂലം ദീർഘനാളായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ഹർഷിനക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
തന്റെ മണ്ഡലത്തിലെ അംഗമായ ഹർഷിനയെ അടുത്തിടെ വയനാട്ടിൽ എത്തിയപ്പോൾ കണ്ടിരുന്നു. ഏറെ വേദനാജനകമായ അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്. അഞ്ചുവർഷമായി അവർ അനുഭവിക്കുന്ന യാതനകൾക്ക് അറുതി വരേണ്ടതുണ്ട്. രണ്ടുലക്ഷം രൂപയാണ് ഹർഷിനക്ക് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം -രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവ് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിൽ ഹർഷിന സമരം തലസ്ഥാനത്തേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുൻപിലാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.