മെഡിക്കൽ എൻ.ഐ.ആർ.എഫ് റാങ്കിങ്; കേരളത്തിന് ‘ആരോഗ്യം’ കുറവ്
text_fieldsകൊച്ചി: പൊതുജനാരോഗ്യ രംഗത്ത് മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുൻപന്തിയിലെന്ന് അവകാശപ്പെടുന്ന കേരളത്തിന് ഇത്തവണ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) മെഡിക്കൽ റാങ്ക് പട്ടികയിൽ സ്ഥാനം വളരെ പിന്നിൽ. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ് ആദ്യ പത്ത് റാങ്കിനുള്ളിൽ കിട്ടിയ സംസ്ഥാനത്തെ ഏക സ്ഥാപനം. ശ്രീചിത്രക്കാണെങ്കിൽ 65.24 സ്കോറോടെ പത്താം റാങ്കുമാണ്. കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തുണ്ടായിരുന്നതാണ് ഈ ആശുപത്രി.
ആദ്യത്തെ 30, 40 റാങ്കുകളിലൊന്നും സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജും വന്നിട്ടില്ലെന്നതും സംസ്ഥാനത്തെ ആരോഗ്യസ്ഥാപനങ്ങളുടെ അനാരോഗ്യം വ്യക്തമാക്കുന്നു.
ആദ്യ അമ്പതിൽ ഇടംപിടിച്ചിട്ടുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളജ് മാത്രമാണ്, 51.91 മാർക്കോടെ 44ാം റാങ്ക്.
മുൻ വർഷങ്ങളിലേതുപോലെ ഡെൽഹി എയിംസാണ് റാങ്ക് പട്ടികയിൽ ഒന്നാമത്. 2022ൽ 91.60 ശതമാനം സ്കോർ നേടിയ എയിംസ് ഇത്തവണ അത് 94.32ലെത്തി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് രണ്ടാം സ്ഥാനത്തും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തുമെത്തി.
അക്കാദമിക് സൗകര്യങ്ങൾ, അധ്യാപന മികവ്, പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യം, സമയബന്ധിതമായ ബിരുദദാനം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തിയാണ് എൻ.ഐ.ആർ.എഫ് റാങ്കു നിർണയിക്കുന്നത്.
എയിംസിൽ 80 ശതമാനം കെട്ടിടങ്ങളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറികൾ ഒരുക്കിയപ്പോൾ ശ്രീചിത്രയിൽ ഇത് 40 ശതമാനം കെട്ടിടങ്ങളിലേ ഈ സംവിധാനമുള്ളൂ.
എന്നാൽ, 44ാം സ്ഥാനത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യമില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. അതോടൊപ്പം, ഭിന്നശേഷി വിദ്യാർഥികൾക്ക് ഒരു കെട്ടിടത്തിൽനിന്ന് മറ്റൊന്നിലേക്ക് നീങ്ങാൻ വീൽചെയർ ഉൾപ്പെടെ ചലനസൗകര്യമില്ലെന്നും മെഡിക്കൽ കോളജിന്റെ പോരായ്മയായി റാങ്കിങ് റിപ്പോർട്ടിലുണ്ട്. 2021ൽ എയിംസിലെ ബെഡുകളുടെ എണ്ണം 3279 ആയിരുന്നുവെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേത് 3479 ആയിരുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജുകളും റാങ്കിങ്ങിനായി അപേക്ഷിച്ചവയിൽപെടും.
സ്വകാര്യ മെഡിക്കൽ കോളജുകൾ വേറെയുമുണ്ട്. ഡെന്റൽ കോളജുകളുടെ പട്ടികയിൽ തിരുവനന്തപുരം ഗവ. ഡെന്റൽ കോളജിന് 54.49 ശതമാനം സ്കോറുമായി 25ാം സ്ഥാനമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.