മെഡിക്കൽ പി.ജി പ്രവേശനം: ഒ.ബി.സി സംവരണം 30 ശതമാനമാക്കാനുള്ള ആവശ്യം തള്ളി സർക്കാർ
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിൽ ഒ.ബി.സി/എസ്.ഇ.ബി.സി സംവരണം 30 ശതമാനമാക്കി ഉയർത്താനുള്ള ആവശ്യം തള്ളി സർക്കാർ ഉത്തരവ്. ഒ.ബി.സി സംവരണം 30 ശതമാനമാക്കണമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ സർക്കാറിന് ഉപദേശം നൽകിയതിന് പിന്നാെലയാണ് റിപ്പോർട്ട് അവഗണിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. മെഡിക്കൽ/ഡെൻറൽ ബിരുദ, പി.ജി പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ ഒ.ബി.സി സംവരണം 27 ശതമാനമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കെയാണ് സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം ഉയർത്താനുള്ള ആവശ്യം സർക്കാർ തള്ളിയത്.
പി.ജി സീറ്റുകളിൽ സംവരണം ഉയർത്തണമെന്നാവശ്യെപ്പട്ട് ഡോ. സജിത്ത് രാജ്, ഡോ. ഹൃദ്യ എന്നിവർ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രശ്നത്തിൽ നാല് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈകോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കോടതി ഉത്തരവിൽ നടപടിയില്ലാതെ വന്നതോടെ സർക്കാറിന് കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനിടെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് റിപ്പോർട്ട് തേടുകയും ഇതുപ്രകാരം ഒ.ബി.സി സംവരണം നിലവിലുള്ള ഒമ്പത് ശതമാനത്തിൽനിന്ന് 30 ശതമാനമായി ഉയർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കുകയുമായിരുന്നു.
ഒ.ബി.സി സംവരണം ഉയർത്താനാവശ്യമായ സീറ്റ് ലഭ്യമല്ലെന്നും സംവരണം ഉയർത്തേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകിയത്. നിലവിൽ മെഡിക്കൽ പി.ജി സീറ്റുകളിൽ മുന്നാക്ക സംവരണത്തിന് നീക്കിവെച്ച 31 സീറ്റുകൾ ഉൾപ്പെടെ മൊത്തം 31.5 ശതമാനം സംവരണമുണ്ടെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പി.ജി പ്രവേശനത്തിന് സർവിസ് ക്വോട്ട പുനരാരംഭിക്കുന്നത് സർക്കാറിെൻറ പരിഗണനയിലാണെന്നും ഇതുകൂടി വരുന്നതോടെ മൊത്തം സംവരണം 48 ശതമാനമാകുമെന്നും സൂചിപ്പിക്കുന്നു. സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ള സാഹചര്യത്തിൽ ഒ.ബി.സി സംവരണം നിലവിലുള്ള ഒമ്പത് ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
തീരുമാനം പിന്നാക്ക വിഭാഗ കമീഷൻ ഉപദേശം പൂഴ്ത്തിവെച്ച്
തിരുവനന്തപുരം: ഒ.ബി.സി സംവരണം 30 ശതമാനമാക്കാനുള്ള ആവശ്യം സർക്കാർ തള്ളിയത് പിന്നാക്ക വിഭാഗ കമീഷെൻറ ഉപദേശം പൂഴ്ത്തിവെച്ച്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി ഉൾെപ്പടെയുള്ളവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയാണ് കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശശിധരൻ അധ്യക്ഷനായ കമീഷൻ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന് റിപ്പോർട്ട് നൽകിയത്.
പിന്നാക്ക സംവരണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം പിന്നാക്ക വികസന വകുപ്പിനാണെന്നിരിക്കെ, വകുപ്പിൽനിന്ന് അഭിപ്രായം ആരായാതെയാണ് ആരോഗ്യവകുപ്പിെൻറ ഉത്തരവ്. നിലവിലില്ലാത്ത സർവീസ് ക്വോട്ട പുനഃസ്ഥാപിക്കുന്നത് സർക്കാറിെൻറ പരിഗണനയിലാണെന്നും ഇത് കൂടെ വന്നാൽ 48 ശതമാനം സംവരണമാകുമെന്ന ന്യായവുമാണ് പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യം നിരസിക്കാൻ ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നത്.
പിന്നാക്ക വിഭാഗങ്ങൾക്ക് നൽകേണ്ട നിർബന്ധിത സംവരണത്തെ നിരസിക്കാനാണ് സർവിസ് ക്വോട്ടയുടെ ന്യായം. മുന്നാക്ക സംവരണത്തിനുള്ള പത്ത് ശതമാനം സംരക്ഷിക്കുന്ന രീതിയിൽ കൂടിയാണ് ഒ.ബി.സി സംവരണം ഉയർത്താനുള്ള ആവശ്യം നിരസിച്ചുള്ള ഉത്തരവ്. ഒ.ബി.സി സംവരണം ഉയർത്തുന്ന പ്രശ്നം പിന്നാക്ക വിഭാഗ കമീഷെൻറയും വകുപ്പിെൻറയും പരിഗണനയിലുള്ളതാണെന്ന് അറിവുണ്ടായിരിക്കെ തന്നെയാണ് ആരോഗ്യവകുപ്പിെൻറ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.