പി.ജി ഡോക്ടർമാരുടെ സമരം:മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളംതെറ്റി
text_fieldsതിരുവനന്തപുരം: മൂന്നുവർഷ ബോണ്ട് നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം രോഗികളെ വലച്ചു. അത്യാഹിതവിഭാഗം, ഒ.പി, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒട്ടുമിക്ക വിഭാഗങ്ങളിലും പി.ജി ഡോക്ടർമാരുടെ സേവനമാണ് ആശുപത്രികളിലുണ്ടാവുക. ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പി.ജി ഡോക്ടർമാർ കടന്നതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളംതെറ്റി.
ഈ വിഷയം പഠിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ബുധനാഴ്ച നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കെ.കെ. ശൈലജ പി.ജി അസോസിയേഷൻ പ്രതിനിധികളെ അറിയിച്ചു. മന്ത്രിയുടെ നിർദേശം പി.ജി ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച ചെയ്തശേഷം സമരം തുടരണമോയെന്ന് തീരുമാനിക്കും. പുതുതായി രൂപവത്കരിക്കുന്ന സമിതിയില്‍ പി.ജി ഡോക്ടര്‍മാരുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താമെന്നും മന്ത്രി ഉറപ്പു നല്കി. അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പി.ജി കോഴ്സിനുശേഷമുള്ള നിര്‍ബന്ധിത സേവനം ഒരുവര്‍ഷമായി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എം.ബി.ബി.എസ്, പി.ജി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പഠന കാലയളവിൽ ഒരുവർഷ ബോണ്ടാണ് സർക്കാർ നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ, പി.ജി പ്രവേശനത്തിനുള്ള പുതിയ പ്രോസ്പെക്ടസിൽ മൂന്നുവർഷം ബോണ്ട് നിർബന്ധമാക്കി. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.