മെഡിക്കൽ കോഴക്ക് പെട്രോൾ പമ്പ് കുംഭകോണവുമായി സാമ്യം
text_fieldsകോഴിക്കോട്: കേരള ബി.ജെ.പിയെ പിടിച്ചുലച്ച മെഡിക്കൽ കോളജ് കോഴക്ക് 2003ലെ പെട്രോൾ പമ്പ് കുംഭകോണവുമായി സാമ്യമേറെ. പെട്രോൾ പമ്പ് അഴിമതിയിൽ പാർട്ടിയുമായി ബന്ധമുള്ള 46 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണ കമീഷൻ കണ്ടെത്തിയത്. മെഡിക്കൽ കോളജ് അഴിമതി അന്വേഷണ റിപ്പോർട്ടിൽ അര ഡസൻ പേരുകളേ പരാമർശിക്കുന്നുള്ളൂവെങ്കിലും കൂടുതൽ പേർക്ക് പങ്കുള്ളതായാണ് സൂചന. 2016-17 അധ്യയന വർഷം സംസ്ഥാനത്ത് 950 മെഡിക്കൽ സീറ്റുകൾ സ്വാശ്രയ മേഖലയിൽ പുതുതായി അനുവദിച്ചിരുന്നു. ഇതിെൻറ മറവിൽ കോടികൾ മറിഞ്ഞുവെന്നാണ് സംശയിക്കുന്നത്.
വാജ്പേയി ഭരണകാലത്ത് കേരള ബി.ജെ.പിക്ക് ഫണ്ട് സ്വരൂപിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം അറിഞ്ഞാണ് പെട്രോൾ ബങ്കുകളും ഗ്യാസ് ഏജൻസികളും അനുവദിക്കാൻ തീരുമാനിച്ചത്. പാർട്ടിക്കാർക്ക് 20 ലക്ഷവും പുറത്തുള്ളവർക്ക് 25 ലക്ഷവുമായിരുന്നു റേറ്റ്. അതനുസരിച്ച് 18 കോടി രൂപ വാങ്ങിയെങ്കിലും രണ്ടു കോടി മാത്രമാണ് പാർട്ടിക്ക് കിട്ടിയത്. ബാക്കി തുക നേതാക്കൾ വീതിച്ചെടുത്തു. ബന്ധുക്കളുടെ പേരിൽ പമ്പ് സംഘടിപ്പിച്ച നേതാക്കൾ പിന്നീട് അത് മറിച്ചുവിറ്റു. ചിലർ ബിനാമിയായി ഇപ്പോഴും പമ്പ് നടത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ഭാരവാഹിത്വത്തിൽ അവരിൽ ചിലർ ഇപ്പോഴുമുണ്ട്.
മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്താക്കിയ ആർ.എസ്. വിനോദിെൻറ പേര് പെട്രോൾ പമ്പ് അഴിമതി അന്വേഷണ റിപ്പോർട്ടിലും പരാമർശിക്കുന്നുണ്ട്. മോഹൻ ശങ്കറിെൻറ നേതൃത്വത്തിൽ പാർട്ടി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അന്നത്തെ സംസ്ഥാന നേതൃത്വം അത് പൂഴ്ത്തിവെച്ചു. ഒരു പത്രത്തിലൂടെ റിപ്പോർട്ട് പുറത്തുവന്നിട്ടും ആരോപണങ്ങൾ മാത്രമാണ്, തെളിവില്ല എന്ന വാദത്തിൽ നേതൃത്വം ഉറച്ചുനിന്നു. പാർട്ടി അങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചിട്ടേയില്ല എന്ന നിലപാടാണ് പിന്നീട് ബി.ജെ.പി കൈക്കൊണ്ടത്.
മെഡിക്കൽ കോഴ റിപ്പോർട്ട് പുറത്തായപ്പോൾ എല്ലാം ഊഹാപോഹം എന്നായിരുന്നു സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ ആദ്യ പ്രതികരണം. തൊട്ടുപിന്നാലെ ആർ.എസ്. വിനോദിനെ പുറത്താക്കാൻ അദ്ദേഹം നിർബന്ധിതനായി. കുമ്മനത്തിനു നൽകിയ പരാതിയിൽ അദ്ദേഹം നടപടി സ്വീകരിക്കാതിരുന്നപ്പോഴാണ് വെള്ളാപ്പള്ളി നടേശൻ മുഖാന്തരം അമിത് ഷായുടെ മുമ്പിൽ പരാതി എത്തിയത്. അന്വേഷണ റിപ്പോർട്ട് തിരിഞ്ഞുകുത്തുമെന്ന് ഉറപ്പായതോടെ പ്രശ്നം ഒതുക്കാൻ കുമ്മനം ശ്രമിക്കുന്നതിനിടെയാണ് റിപ്പോർട്ട് പാർട്ടിയിലെതന്നെ ഒരു വിഭാഗം ചോർത്തിയത്. റിപ്പോർട്ടിൽ പരാമർശിക്കുന്ന സതീഷ് നായർ കുമ്മനത്തിെൻറ വലംകൈയാണ്.
കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട ലെയ്സൺ ജോലികൾക്ക് സതീഷിനെ ഡൽഹിയിൽ നിയോഗിച്ചിരിക്കുകയാണ്. മറ്റൊരു പ്രധാനി രാകേഷ് ശിവരാമൻ കുമ്മനത്തിെൻറ സെക്രട്ടറിയായി അറിയപ്പെടുന്ന ആളാണ്. റിപ്പോർട്ടിൽ പേര് പരാമർശിക്കുന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും കുമ്മനത്തിെൻറ വിശ്വസ്തനാണ്. ഒരു ആർ.എസ്. വിനോദിനെ മാത്രം വിശ്വസിച്ച് കോടികൾ കൊടുക്കാനുള്ള മൗഢ്യം കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ മെഡിക്കൽ കോളജ് ഉടമ കാണിക്കുമോ എന്ന് വിശ്വസിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ഡൽഹി വരെ നീളുന്ന മെഡിക്കൽ കോളജ് അഴിമതിക്കും പെട്രോൾ പമ്പ് അഴിമതിയുടെ അതേ ഗതി വരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.