മെഡിക്കൽ സീറ്റ് മാനദണ്ഡം: കാസർകോട്, വയനാട് കോളജുകളിൽ ഇളവുകൾക്ക് ശ്രമം
text_fieldsകാസർകോട്: 10 ലക്ഷം ജനങ്ങൾക്ക് 100 സീറ്റ് എന്ന ദേശീയ ആരോഗ്യ കമീഷന്റെ പുതിയ മാനദണ്ഡം തിരിച്ചടിയാകുന്ന കേരളത്തിൽ നിർമാണത്തിലിരിക്കുന്ന രണ്ട് മെഡിക്കൽ കോളജുകൾക്ക് ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചു. കാസർകോട്, വയനാട് ജില്ലകളുടെ പ്രത്യേക സാഹചര്യത്തിൽ ഇവിടെയുള്ള കോളജുകളെ പുതിയ മാനദണ്ഡത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് മെഡിക്കൽ കോളജിൽ 100 സീറ്റുകളാണ് നിർദേശിച്ചിട്ടുള്ളത്. കോളജിന്റെ നിർമാണം പൂർത്തിയായി വരുകയാണ്. എന്നാൽ, പ്രവേശനം ആരംഭിച്ചിട്ടില്ല. സമാനമാണ് വയനാട്ടിലെ മാനന്തവാടി മെഡിക്കൽ കോളജിന്റെ സ്ഥിതി.
ജില്ല ആശുപത്രിയിലാണ് മാനന്തവാടി മെഡിക്കൽ കോളജ് നിർദേശിച്ചിരിക്കുന്നത്. രണ്ടു കോളജും ഉടൻ പ്രവൃത്തിപദത്തിലെത്തിയാൽ ഇളവ് പരിഗണിച്ചേക്കും. അനന്തമായി നീണ്ടുപോയാൽ മെഡിക്കൽ കമീഷൻ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. സമാനമായ പ്രശ്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നുവന്നാൽ പ്രത്യേകിച്ചും.
മെഡിക്കൽ കമീഷൻ മാനദണ്ഡമനുസരിച്ച് കേരളത്തിൽ 3.57 കോടി ജനങ്ങൾക്ക് 3570 എം.ബി.ബി.എസ് സീറ്റിനാണ് അർഹത. സംസ്ഥാനത്ത് നിലവിൽ 12 ഗവ. മെഡിക്കൽ കോളജുകളും 19 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളുമുണ്ട്. ഇവയിൽ എല്ലാം കൂടി 4355 സീറ്റുകളുണ്ട്. ഇത് നിലനിർത്താമെന്നല്ലാതെ ഇനി കൂടുതൽ കോളജുകൾ അനുവദിക്കാൻ പുതിയ മാനദണ്ഡം അനുവദിക്കില്ല. അനുവദിച്ച മെഡിക്കൽ കോളജുകൾക്ക് ഇളവു ലഭിച്ചേക്കാമെന്നല്ലാതെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.