ഭാര്യയെയും മക്കളെയും മരുന്നു കുത്തിവെച്ചു കൊന്ന കേസ്; മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ കുറ്റക്കാരൻ
text_fieldsകൊല്ലം: ഭാര്യയെയും രണ്ടുപിഞ്ചു കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി. മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡിനെയാണ് (42) കൊല്ലം അഡീഷനൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2021 മേയ് 11ന് കോവിഡ് കാലത്താണ് സംഭവം. ഭാര്യ വർഷ (26), മക്കളായ അലൻ (രണ്ട്), ആരവ് (മൂന്നു മാസം) എന്നിവരെയാണ് കുണ്ടറ ഇടവട്ടത്തെ വീട്ടിൽ അനസ്തേഷ്യക്ക് മുമ്പ് നൽകുന്ന മരുന്ന് കുത്തിവെച്ച് കൊന്നത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന് സമീപം നിന്ന വർഷയെ തള്ളി താഴെയിടുകയും വീഴ്ചയിൽ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെ മുറിയിലെത്തിച്ചശേഷം മൂന്നുപേരെയും കുത്തിവെക്കുകയുമായിരുന്നു.
മുറിയിൽ അബോധാവസ്ഥയിൽ കിടന്ന അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ അഭിനയമാണെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടറോട് കുറ്റസമ്മതം നടത്തുകയായിരുന്നു. സംശയരോഗത്തെ തുടർന്നായിരുന്നു കടുംകൈ. അഞ്ചുവയസ്സുള്ള മൂത്ത മകൾ സ്വന്തം നിലയിൽ ജീവിച്ചോളും എന്നതിനാലാണ് കൊല്ലാതിരുന്നതെന്നും പ്രതി മൊഴിനൽകി. കുത്തിവെക്കുന്നത് നേരിൽ കണ്ട മകളുടെ മൊഴി കേസിൽ നിർണായകമായി.
പ്രതി 15 വർഷത്തോളം മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇയാൾ ജോലിക്കുനിന്ന മെഡിക്കൽ സ്റ്റോറിന്റെ ഉടമയുടെ ഭർത്താവായ റിട്ട. വെറ്ററിനറി സർജൻ വളർത്തുമൃഗങ്ങളെ ചികിത്സിക്കാറുണ്ട്. ഇവിടെ എത്തിച്ച മുയലിനെ രക്ഷിക്കാൻ കഴിയാത്തതിനാൽ ദയാവധം നടത്തിയിരുന്നു. അതിന്റെ ബാക്കി മരുന്ന് കൈക്കലാക്കിയാണ് കൊല നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.