ഷഹാന വീണത് ജിപ്സം ബോർഡുകൾക്കിടയിലൂടെ; ഏഴാം നിലമുതൽ ഒന്നാംനില വരെ ബോർഡുകൾ തകർന്ന നിലയിൽ
text_fieldsകുന്നുകര (ആലുവ): ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനി വീണ് മരിക്കാനിടയായത് എങ്ങനെയെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൈവരിയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വീഴുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചതെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകടം സംഭവിക്കുമ്പോൾ മുറിയുടെ വാതിൽ അടഞ്ഞുകിടന്നതിനാൽ നിരീക്ഷണ കാമറയിൽ അപകടദൃശ്യം പതിഞ്ഞിട്ടില്ല.
അതേസമയം ഏഴാം നിലയിൽനിന്ന് നെഞ്ച് മുതൽ തലയോളം ഭാഗം മുങ്ങിപ്പോകുന്നപോലെ താഴ്ന്നുപോകുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് വരാന്തയിലൂടെ കുട്ടികൾ ഓടിവരുന്ന ദൃശ്യങ്ങളുമുണ്ട്. ഇരുവശങ്ങളിലും മുറികളുണ്ട്. വൈകുന്നേരങ്ങളിൽ നീണ്ട വരാന്തയിലെ കൈവരികളിൽ ചാരിനിന്ന് കുട്ടികൾ കുശലം പറയാറുള്ളത് പതിവാണത്രേ.
മുറികൾക്ക് മധ്യേയുള്ള വരാന്തയുടെ കൈവരിക്ക് പിറകിലെ കെട്ടിടങ്ങൾക്കിടയിലെ ഒഴിഞ്ഞ ഭാഗത്ത് ശൗചാലയത്തിന്‍റെ പൈപ്പുകളും അഗ്നിരക്ഷാ സംവിധാനങ്ങളും മറ്റും നാല് ബോൾട്ടുകൾകൊണ്ട് ഉറപ്പിച്ച് കുറഞ്ഞ കനത്തിൽ ജിപ്സം ബോർഡ് സ്ഥാപിച്ച് നീളത്തിൽ ബാരിക്കേഡുകൾ ഉയർത്തിയിട്ടുണ്ട്. ഒന്നാംനില മുതൽ ഏഴാംനില വരെ ഒരേഭാഗത്ത് നിരയായാണ് ജിപ്സം ബോർഡുള്ളത്. വീഴ്ചയിൽ മുകളിൽനിന്ന് ഒന്നാംനില വരെയുള്ള ഓരോ ജിപ്സം ബോർഡും തകർന്നാണ് രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ ഷഹാന നിലംപതിച്ചത്. അഗ്നിരക്ഷാ സംവിധാനങ്ങളുടെ പേരിലാണ് ജിപ്സം ബോർഡ് സ്ഥാപിച്ചതെങ്കിലും അത് സുരക്ഷിതമാക്കാതിരുന്നത് അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അറ്റകുറ്റപ്പണിക്കെത്തിയ പ്ലംബിങ് തൊഴിലാളി ഏതാനും മാസംമുമ്പ് അപകടത്തിൽപെട്ടെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മൊബൈൽ ഫോണോ ഹെഡ്സെറ്റോ നിലത്ത് വീണതാണെങ്കിൽ കൈവരികൾക്കിടയിലൂടെ കൈയിട്ട് എടുക്കാനായിരിക്കും ശ്രമിക്കുക. ഒന്നും നിലത്ത് വീണതായി സഹപാഠികൾ പറയുന്നുമില്ല. ഇരിക്കുമ്പോൾ വഴുതിവീണതാണോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
അഞ്ചാംനിലയിലെ 509ാം നമ്പർ മുറിയിലാണ് ഷഹാന മൂന്നുപേർക്കൊപ്പം താമസിക്കുന്നത്. ശനിയാഴ്ച വൈകീട്ട് സഹപാഠികൾക്കൊപ്പം ആലുവയിൽ പോയി ഭക്ഷണം കഴിച്ച് 8.15ഓടെ ഹോസ്റ്റലിൽ മടങ്ങിയെത്തി. അതിനുശേഷമാണ് ഏഴാംനിലയിലേക്ക് കൂട്ടുകാരികൾക്കൊപ്പം പോയത്. അവിടെ 710, 711 മുറികൾക്കിടയിലെ ഭാഗത്താണ് ഷഹാന അപകടത്തിൽപെട്ടത്. ജിപ്സം ബോർഡ് താഴെവരെ ഒരേപോലെ തകർന്നിട്ടുള്ളതും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.