ഒഴുക്കിൽപെട്ട മെഡിക്കൽ വിദ്യാർഥികളെ കണ്ടെത്താനായില്ല; ഇന്നും തിരച്ചിൽ തുടരും
text_fieldsഒറ്റപ്പാലം: ഭാരതപ്പുഴയിലെ മാന്നനൂർ തടയണക്ക് സമീപം ഒഴുക്കിൽപെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥികളെ രണ്ടാം ദിവസം നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നും തിരച്ചിൽ തുടരും.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണ (23), തൃശൂർ വടക്കാഞ്ചേരി ചേലക്കര പാറയിൽ മാത്യു എബ്രഹാം (23) എന്നിവർ ഞായറാഴ്ച വൈകീട്ടാണ് ഒഴുക്കിൽപെട്ടത്. വൈകീട്ട് നാലരയോടെയാണ് ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉൾപ്പെട്ട ഏഴംഗ സംഘം മാന്നനൂരിലെ ഉരുക്ക് തടയണക്ക് സമീപം എത്തിയത്. പുഴയിലിറങ്ങിയ മാത്യു എബ്രഹാം ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാനായി ഇറങ്ങിയ ഗൗതം കൃഷ്ണയും അപകടത്തിൽപെടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴിനാണ് തിരച്ചിൽ പുനരാരംഭിച്ചത്. ഫയർഫോഴ്‌സിന് പുറമെ 23 അംഗ ദുരന്ത നിവാരണ സേന, പാലക്കാട്, തൃശൂർ ഫയർഫോഴ്സിലെ സ്‌കൂബ ഡൈവേഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യുവാക്കൾ ഒഴുക്കിൽപെട്ട തടയണ ഭാഗത്തുനിന്ന് ഇരുകരകളിലുമായി ഏഴ് കിലോമീറ്ററോളം തിരച്ചിൽ നടത്തി. വൈകീട്ട് ആറര വരെ നടന്ന തിരച്ചിലിലും ഇരുവരെയും കണ്ടെത്താനായില്ല. ചെറുതുരുത്തി പൊലീസും ഷൊർണൂരിലെ ഫയർഫോഴ്സും പൈങ്കുളം ഭാഗത്തും തിരച്ചിൽ നടത്തിയിരുന്നു. ശക്തമായ ഒഴുക്കും ഇടക്കിടെ പെയ്യുന്ന മഴയും അതിജീവിച്ചാണ് തിരച്ചിൽ തുടർന്നത്. മന്ത്രി കെ. രാധാകൃഷ്ണൻ, പി. മമ്മിക്കുട്ടി എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.