മെഡിക്കൽ വിദ്യാർഥികളിൽനിന്ന് ബാങ്ക് ഗാരൻറി ഇൗടാക്കേണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് നാലു വർഷത്തെ ഫീസ് ബാങ്ക് ഗാരൻറിയായി മാനേജ്മെൻറുകൾക്ക് വാങ്ങാനാവില്ല. ഇൗ ആവശ്യമുന്നയിച്ച് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷനും കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജും നൽകിയ ഹരജികൾ ഹൈകോടതി തള്ളി. ഇതര സംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനും കോളജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ച് ശതമാനം പ്രിവിലേജ് സീറ്റു നൽകാനും അനുമതി നൽകണമെന്ന ആവശ്യങ്ങളും ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ജസ്റ്റിസ് വി. ഷെർസി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളി.
വിദ്യാർഥികൾ പ്രവേശനം നേടിയശേഷം കോഴ്സ് ഉപേക്ഷിച്ചു പോയാൽ പിന്നീട് അഡ്മിഷൻ നടത്താൻ കഴിയാത്തതിനാൽ കോളജുകൾക്ക് വൻ നഷ്ടമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ ഒരു വർഷത്തെ ഫീസ് മുൻകൂർ വാങ്ങുന്നതിനൊപ്പം നാലു വർഷത്തെ ഫീസ് ബാങ്ക് ഗാരൻറിയായി വാങ്ങാൻ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ, 2017ലെ സ്വാശ്രയ നിയമപ്രകാരം ഇങ്ങനെ പണം വാങ്ങുന്നത് തലവരി വാങ്ങുന്നതിന് തുല്യമാണെന്ന സർക്കാറിെൻറ വാദം കോടതി അംഗീകരിച്ചു. നീറ്റ് പട്ടികയിൽനിന്ന് മെറിറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടക്കുന്നത്. ഇവരിൽ പലർക്കും ബാങ്ക് ഗാരൻറി താങ്ങാനാവില്ലെന്ന സർക്കാർ വാദം ശരിെവച്ച കോടതി രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് അധിക ബാധ്യതയാകുമെന്നും വിലയിരുത്തി. കൊഴിഞ്ഞുപോകാൻ സാധ്യതയുള്ള വിരലിലെണ്ണാവുന്ന വിദ്യാർഥികളുടെ പേരിൽ മുഴുവൻ വിദ്യാർഥികളിൽനിന്നും ബാങ്ക് ഗാരൻറി വാങ്ങാൻ അനുമതി നൽകാനാവില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
കോളജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ച് ശതമാനം പ്രിവിലേജ് സീറ്റു നൽകണമെന്ന ഹരജിക്കാരുടെ ആവശ്യത്തിന് നിയമത്തിെൻറ പിൻബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ട്രസ്റ്റോ സംഘടനയോ കോളജ് നടത്തുന്നുവെന്നത്കൊണ്ട് അവരുടെ ആശ്രിതർക്കും അംഗങ്ങൾക്കും സംവരണം അനുവദിക്കാനാവില്ല. യോഗ്യത മാനദണ്ഡം മറികടന്ന് തോന്നുന്നവർക്ക് പ്രവേശനം നൽകുന്ന അവസ്ഥയുണ്ടാകും.
സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചേ സ്പോട്ട് അഡ്മിഷൻ നടത്താൻ കഴിയൂവെന്ന സർക്കാർ വാദം അംഗീകരിച്ച കോടതി മെഡിക്കൽ സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്താൻ മാനേജ്മെൻറുകൾക്ക് അനുമതി നൽകണമെന്ന ആവശ്യവും അനുവദിച്ചില്ല. ഇതരസംസ്ഥാന വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടേയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇതര സംസ്ഥാനക്കാരെ ഒഴിവാക്കുന്നുെവന്ന വാദം നിലനിൽക്കുന്നതല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഹരജികൾ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.