മെഡിക്കൽ/എൻജിനിയറിങ് പ്രവേശനം: യോഗ്യത നേടുന്നവർക്ക് മാത്രം റവന്യൂ സർട്ടിഫിക്കറ്റ്; സർക്കാർ റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശന യോഗ്യത നേടാത്തവർ പോലും വിവിധ ആനുകൂല്യങ്ങൾക്കുള്ള റവന്യൂ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് ഒഴിവാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. പ്രവേശന പരീക്ഷ കമീഷണറിൽനിന്നാണ് റവന്യൂ വകുപ്പിൽനിന്നുള്ള കുറിപ്പിന്റെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ തേടിയത്. പ്രവേശന പരീക്ഷകൾക്കായി പ്രതിവർഷം ഒന്നര ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളാണ് റവന്യൂ വകുപ്പ് നൽകുന്നത്.
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്കായി ഒന്നര ലക്ഷത്തോളം അപേക്ഷകർ ഉണ്ടാകാറുണ്ടെങ്കിലും യോഗ്യത നേടി പ്രവേശനമെടുക്കുന്നത് 30,000ത്തോളം പേർ മാത്രമാണ്. അപേക്ഷ സമർപ്പണ സമയത്തുതന്നെ സംവരണമുൾപ്പെടെ ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണമെന്നാണ് പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് വ്യവസ്ഥ. അതിനാൽ അപേക്ഷ സമർപ്പണ സമയത്ത് മറ്റ് പ്രവർത്തനങ്ങളെയെല്ലാം സ്തംഭനത്തിലാക്കുന്ന തിരക്കാണ് വില്ലേജ്, താലൂക്ക് ഓഫിസുകളിൽ അനുഭവപ്പെടാറുള്ളത്.
തുടർന്നാണ് പ്രവേശനത്തിന് യോഗ്യത നേടുന്നവർ മാത്രം റവന്യൂ രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ റവന്യൂ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കുറിപ്പ് നൽകിയത്. മെഡിക്കൽ, ഡെൻറൽ അഖിലേന്ത്യ ക്വോട്ട പ്രവേശനം, ജെ.ഇ.ഇ പരീക്ഷ അടിസ്ഥാനമാക്കിയുള്ള എൻജിനീയറിങ് പ്രവേശനം എന്നിവക്കെല്ലാം പ്രവേശന യോഗ്യത നേടുന്നവർ മാത്രം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നാണ് വ്യവസ്ഥ. ഇത് കേരളത്തിലെ പ്രവേശന നടപടികളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തേടിയത്.
അപേക്ഷക്കൊപ്പം റവന്യൂ രേഖകൾ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ കാരണം പ്രതിവർഷം ഒരു ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളാണ് അനാവശ്യമായി റവന്യൂ വകുപ്പിന് നൽകേണ്ടിവരുന്നത്. റവന്യൂ വകുപ്പ് നടത്തേണ്ടിവരുന്ന പാഴ്വേല സംബന്ധിച്ച് ‘മാധ്യമം’ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സംവരണമുൾപ്പെടെ ആനുകൂല്യങ്ങൾക്കുള്ള റവന്യൂ രേഖകൾ സമയമെടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിനാൽ നേരത്തേ തന്നെ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിലപാടാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിന്.
ഇല്ലാത്ത ആനുകൂല്യം അപേക്ഷയിൽ അവകാശപ്പെടുന്നവർക്ക് പ്രവേശന സമയത്ത് രേഖ ഹാജരാക്കാൻ കഴിയാതിരിക്കുകയോ തെറ്റായ രേഖ ഹാജരാക്കുകയോ ചെയ്താൽ വിദ്യാർഥികൾ പ്രവേശന നടപടികളിൽനിന്ന് ഒന്നടങ്കം പുറത്തുപോകുന്ന സാഹചര്യമുണ്ടാകുമെന്നതാണ് കമീഷണറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നത്. പ്രോസ്പെക്ടസ് പരിഷ്കരണ നടപടികളുടെ ഭാഗമായി ഈ പ്രശ്നവും പരിശോധിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
നൽകുന്നത് പത്തോളം തരം സർട്ടിഫിക്കറ്റുകൾ
എൻജിനീയറിങ്/മെഡിക്കൽ പ്രവേശനത്തിനായി നിലവിൽ പത്തോളം തരം സർട്ടിഫിക്കറ്റുകളാണ് വില്ലേജ്/താലൂക്ക് ഓഫിസുകളിൽനിന്ന് അനുവദിക്കുന്നത്. അപേക്ഷ സമർപ്പണത്തിന് അനുവദിക്കുന്ന മൂന്നാഴ്ചക്കിടെയാണ് ഒന്നര ലക്ഷത്തോളം പേർക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടത്. പലർക്കും ഒന്നിലധികം സർട്ടിഫിക്കറ്റുകളും ആവശ്യമാണ്.
എസ്.ഇ.ബി.സി വിഭാഗത്തിനുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, എസ്.സി/ എസ്.ടി വിഭാഗത്തിനുള്ള ജാതി സർട്ടിഫിക്കറ്റ്, ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇ.ഡബ്ല്യു.എസ്) സർട്ടിഫിക്കറ്റ്, മിശ്രവിവാഹിതരുടെ മക്കൾക്കുള്ള സർട്ടിഫിക്കറ്റ്, എസ്.സി, എസ്.ടി/ഒ.ഇ.സി ഒഴികെയുള്ളവർക്ക് ഫീസിളവിനുള്ള വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് ലഭ്യമാക്കേണ്ടത്.
ഇതിനു പുറമെ, മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനും ജെ.ഇ.ഇ പരീക്ഷ അധിഷ്ഠിത എൻജിനീയറിങ് പ്രവേശനത്തിനുമുള്ള വിവിധ സർട്ടിഫിക്കറ്റുകളും താലൂക്ക് ഓഫിസിൽനിന്നാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.