മെഡിസെപ്: പൂർത്തിയാകാതെ വിവരശേഖരണം, ഇൻഷുറൻസ് കമ്പനിക്ക് ഡേറ്റ കൈമാറാനായില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി 'മെഡിസെപ്പി'ൽ വിവരശേഖരണം ഇനിയും പൂർത്തിയായില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ നിരവധി നോഡൽ ഓഫിസർമാരും ഡി.ഡി.ഒമാരും പരിശോധിച്ച് സ്ഥിരീകരിച്ചില്ലെന്ന് വ്യക്തമായി. ഇവ അടിയന്തരമായി പൂർത്തിയാക്കാൻ ധനവകുപ്പ് നിർദേശം നൽകി. നടപടികൾ പൂർത്തിയാക്കാത്തതിനാൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡേറ്റ ഇൻഷുറൻസ് കമ്പനിക്ക് നൽകാനാകുന്നില്ല. മെഡിസെപ് അടിയന്തരമായി പ്രാബല്യത്തിലാക്കാനാണ് സർക്കാർ നീക്കം. 162 ഓളം ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീചിത്ര, ആർ.സി.സിപോലെ ചില സർക്കാർ സ്ഥാപനങ്ങൾ ഇനിയും പരിധിയിൽ വന്നിട്ടില്ല.
ഇവകൂടി കൊണ്ടുവരാനും ശ്രമം ആരംഭിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് ഐഡിയും മറ്റും ഉടൻ പരിശോധിച്ച് വെരിഫൈ ചെയ്യാനാണ് നോഡൽ ഓഫിസർമാർക്കും ഡി.ഡി.ഒമാർക്കുമുള്ള നിർദേശം. മെഡിസെപ്പിൽ 'ടു ബി വൈരിഫൈഡി'ൽ ഇനി ജീവനക്കാരും പെൻഷൻകാരും ഇല്ലെന്ന് ഉറപ്പാക്കണം. കുടുംബ പെൻഷൻ വാങ്ങുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് മെഡിസെപ് ഐ.ഡി വരുന്നതിനാൽ ആ പ്രൊഫൈലുകൾ ബന്ധിപ്പിക്കും. ജീവനക്കാരുടെ പ്രൊഫൈൽ കുടുംബ പെൻഷന്‍റെ പ്രൊഫൈലുമായി ബന്ധിപ്പിക്കാനാകും. ലിങ്ക് ചെയ്യാതിരുന്നാൽ ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും പ്രീമിയം കുറവ് ചെയ്യാനിടയാകും. കുടുംബ പെൻഷനിൽനിന്ന് പ്രീമിയം കുറവ് ചെയ്യാനും സാധ്യതയുണ്ട്. കുടുംബ പെൻഷൻകൂടി കൈപ്പറ്റുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ നോഡൽ ഓഫിസർമാർ ശേഖരിച്ച് തുടർനടപടി സ്വീകരിക്കാനും ധനവകുപ്പ് നിർദേശിച്ചു.
എംപ്ലോയ്മെന്‍റ് വഴിയോ ടെൻ നമ്പർ (താൽക്കാലിക ജീവനക്കാർ) നൽകിയോ നിയമിതരായവർക്ക് സ്പാർക്ക് വഴി ശമ്പളം നൽകിയിട്ടുണ്ടെങ്കിലും മെഡിസെപ് അംഗത്വത്തിന് അർഹതയില്ല. ഇവരുടെ അംഗത്വം റദ്ദാക്കും. ഡി.ഡി.ഒ നോഡൽ ഓഫിസർമാർക്കാണ് ഇതിന് ചുമതല. അനർഹർ ഉൾപ്പെട്ടതായി കണ്ടാൽ ഉത്തരവാദിത്തം ഡി.ഡി.ഒമാർക്കായിരിക്കുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകി.
ജീവനക്കാരുടെയും പെൻഷൻകാരുടെയും തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒടുക്കേണ്ടിവരുന്ന പ്രീമിയം തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. പേഴ്സണൽ സ്റ്റാഫായി നേരിട്ട് നിയമനം കിട്ടിയവരിൽ ഇപ്പോഴും തുടരുന്നവർക്ക് പ്രീമിയം ശമ്പളത്തിൽനിന്ന് ഈടാക്കും. പെൻഷൻ മാത്രം വാങ്ങുന്നവർക്ക് അതിൽനിന്ന് കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.