പൊന്നുതമ്പുരാന് കടലിൽ നിന്ന് കിട്ടിയത് പൊന്നിന്‍റെ വിലയുള്ള മീൻ
text_fieldsകൊല്ലം: കടലിൽ ചത്തപോലെ കിടന്ന മീനിനെ പിടിച്ച് വള്ളത്തിലേക്കടുപ്പിക്കുമ്പോൾ 'പൊന്നുതമ്പുരാൻ' വള്ളത്തിലെ തൊഴിലാളികൾ അറിഞ്ഞിരുന്നില്ല, പൊന്നിന്‍റെ വിലയുള്ള മീനിനെയാണ് തങ്ങൾക്ക് കിട്ടിയതെന്ന്. ഏത് മീനാണ് കിട്ടിയതെന്നറിയാൻ മത്സ്യത്തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ മീനിന്‍റെ ചിത്രമിട്ടതോടെയാണ് വില കൂടിയ മീനാണ് ഇതെന്നറിഞ്ഞത്. 20 കിലോയുള്ള 'പടത്തിക്കോര' എന്ന മീൻ ലേലത്തിൽ വിറ്റുപോയതാവട്ടെ, 59,000 രൂപയ്ക്കാണ്.
ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്‍റെ പൊന്നുതമ്പുരാൻ വള്ളത്തിലെ തൊഴിലാളികൾക്കാണ് വിലയേറിയ പടത്തിക്കോരയെ ലഭിച്ചത്. മീൻപിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്ക് മടങ്ങുമ്പോഴാണ് മീനിനെ കണ്ടത്. ചത്തുകിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. സ്രാങ്കായ ഗിരീഷ് കുമാറും വള്ളത്തിലുണ്ടായിരുന്ന ഗോപനും ചാടിയിറങ്ങിയപ്പോൾ മീൻ നീന്താൻ തുടങ്ങി. എന്നാൽ, ഏറെ പണിപ്പെട്ട് ഇവർ മീനിനെ പിടിച്ച് വള്ളത്തിലാക്കി.
ഏത് മീനാണ് എന്ന് അറിയാത്തതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പായ 'കേരളത്തിന്‍റെ സൈന്യ'ത്തിൽ മീനിന്‍റെ ചിത്രം ഇട്ടത്. ഇതോടെയാണ് വലിയ ഡിമാൻഡുള്ള, ഔഷധഗുണമുള്ള പടത്തിക്കോര എന്ന മീനാണ് തങ്ങൾക്ക് കിട്ടിയതെന്ന് മനസ്സിലായത്.
നീണ്ടകരയിലെത്തിച്ച് ലേലം ചെയ്തപ്പോൾ 59,000 രൂപയ്ക്കാണ് മീൻ വിറ്റുപോയത്. പുത്തൻതുറ സ്വദേശി കെ.ജോയ് ആണ് ലേലത്തിൽ പിടിച്ചത്. മീനിന്‍റെ ഔഷധമൂല്യമാണ് ഇത്രയേറെ വില ലഭിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.