ആർദ്രം പദ്ധതി: മരുന്നുവിതരണം ഏഴു മണിക്കൂർ മാത്രം
text_fieldsകോഴിക്കോട്: സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യവുമായി തുടക്കമിട്ട ആർദ്രം പദ്ധതിയിൽ മരുന്നിനായി രോഗികൾ ഏറെനേരം കാത്തിരിക്കേണ്ടിവരും. രാവിലെ ഒമ്പതു മുതൽ ആറു വരെ പരിശോധനയും രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചു വരെ മരുന്നുവിതരണവും എന്ന നിലക്കാണ് ആർദ്രം പദ്ധതിയിലെ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തിസമയം ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി എല്ലായിടങ്ങളിലും മൂന്ന് ഡോക്ടർമാരെയും നാല് നഴ്സുമാരെയും നിയമിക്കാൻ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും രണ്ടു വീതം ഫാർമസിസ്റ്റുകളെക്കൂടി നിയമിക്കണമെന്നാവശ്യപ്പെട്ടിട്ടും ഇക്കാര്യം അധികൃതർ പരിഗണിച്ചിട്ടില്ല.
രാവിലെ ഏഴിനും മറ്റും ആശുപത്രിയിലെത്തി ഒമ്പതിന് ഡോക്ടറെ കാണുന്ന രോഗി ഫലത്തിൽ ഒരുമണിക്കൂറോളം മരുന്നിനായി വീണ്ടും കാത്തിരിക്കേണ്ടിവരും. ഇത് തുടക്കത്തിൽതന്നെ നീണ്ട നിരയാവും ഫാർമസികളിലുണ്ടാക്കുക. കൂടാതെ വൈകീട്ട് അഞ്ചിന് ഫാർമസി അടച്ച ശേഷം ഡോക്ടറെ കാണുന്ന രോഗികൾ അടുത്തദിവസം മരുന്നുവാങ്ങാനായി മാത്രം വീണ്ടുമെത്തേണ്ടിവരും. നിലവിലെ പ്രവൃത്തിസമയമനുസരിച്ച് ഒമ്പതു മുതൽതന്നെ മരുന്നുവിതരണം തുടങ്ങുമായിരുന്നു.
ഒരു ഫാർമസിസ്റ്റുമാത്രമുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളിൽ രാവിലെ പത്തു മുതൽ അഞ്ചുവരെ ജോലിചെയ്യുന്നതിനിടക്ക് ഉച്ചഭക്ഷണത്തിെൻറ ഇടവേളയിലും മരുന്ന് നൽകാനാവില്ല. സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നത്. ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് നടന്നു.
സ്റ്റാഫ് നഴ്സും ഡോക്ടർമാരുമുൾെപ്പടെ 1263 തസ്തികകൾ സൃഷ്ടിക്കാനാവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഫാർമസിസ്റ്റുകളുടെ എണ്ണം കൂട്ടുന്ന കാര്യം പരിഗണിച്ചിട്ടില്ല. 400ലേറെ ഫാർമസിസ്റ്റുകളെ ഇത്തരത്തിൽ പുതുതായി നിയമിക്കേണ്ടിവരും. ഇക്കാര്യമാവശ്യപ്പെട്ട് കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികളും മറ്റും പലതവണ അധികൃതരെ സമീപിച്ചിട്ടുണ്ട്. ആവശ്യത്തിന് ആളുകളെ നിയമിക്കുകയും ഫാർമസി സമയക്രമം മാറ്റുകയും ചെയ്യാതെ ആർദ്രം പദ്ധതിയുടെ ഗുണം ജനങ്ങളിലേക്കെത്തില്ലെന്ന് അസോ. ജില്ല സെക്രട്ടറി കെ. രൂപേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.